മജ്ലിസ് ഹോട്ടലിൽനിന്ന് ഭക്ഷ്യവിഷബാധ; 30ൽ കൂടുതൽ പേർ ചികിത്സയിൽ
|വയറുവേദന, ഛർദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ആളുകൾ ചികിത്സ തേടിയത്.
കൊച്ചി: പറവൂരിലെ മജ്ലിസ് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച 30ൽ കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധ. ഇന്നലെ വൈകീട്ട് കുഴിമന്തി, അൽഫാം അടക്കമുള്ളവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദന, ഛർദി എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ആളുകൾ ചികിത്സ തേടിയതോടെയാണ് ഭക്ഷ്യവിഷബാധയെന്ന ആരോപണം ഉയർന്നത്.
ആദ്യം ആറുപേരാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടിയത്. പിന്നീട് ചികിത്സ തേടുന്നവരുടെ എണ്ണം ഉയർന്നു. ഇപ്പോൾ 30ൽ കൂടുതൽ പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ഒരാളുടെ നില ഗുരുതരമായതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഹോട്ടലിൽ പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി. ഏത് ഭക്ഷണത്തിൽനിന്നാണ് വിഷബാധയുണ്ടായതെന്ന് പരിശോധിക്കാനായി ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ചുവരികയാണ്. പരിശോധന പൂർത്തിയായ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകൂ എന്ന് അധികൃതർ വ്യക്തമാക്കി.