മല്ലപ്പള്ളിയിൽ മാമോദിസ ചടങ്ങിൽ ഭക്ഷ്യവിഷബാധ; 100ലേറെ പേർ ആശുപത്രിയിൽ
|ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി.
പത്തനംതിട്ട മല്ലപ്പള്ളി കീഴ്വായ്പൂരിൽ ഭക്ഷ്യവിഷബാധ. വ്യാഴാഴ്ച ഉച്ചയോടെ പ്രദേത്ത് നടന്ന മാമോദിസ വിരുന്നിൽ പങ്കെടുത്ത നൂറിലേറെ പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി.
സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ നടന്ന മാമോദീസ വിരുന്നിനായി ചെങ്ങന്നൂരിൽ നിന്നുള്ള കേറ്ററിങ് സ്ഥാപനമാണ് ഭക്ഷ്യസാധനങ്ങൾ എത്തിച്ച് വിതരണം ചെയ്തത്. വ്യാഴാഴ്ച ക്രമീകരിച്ച വിരുന്ന് സൽക്കാരത്തിൽ 190 പേർ പങ്കെടുത്തു. എന്നാൽ, ഭക്ഷണം കഴിച്ചവരിലേറെ പേർക്കും വെള്ളി, ശനി ദിവസങ്ങളിലായി വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതോടെയാണ് ഭക്ഷ്യ വിഷബാധയെന്ന സംശയം തോന്നിയത്.
കൂടുതൽ ആളുകൾ ചികിത്സ തേടിയതോടെ സൽക്കാരം നടത്തിയ റോബിൻ കേറ്ററിങ് സ്ഥാപനത്തിനെതിരെ പരാതി നൽകി. ഇതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ദക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് മന്ത്രിയുടെ നിർദേശം.
അതേസമയം, വ്യാഴാഴ്ച തന്നെ ഇതേ ഭക്ഷണം മറ്റ് രണ്ടിടങ്ങളിൽ കൂടി നൽകിയിരുന്നതായും. അവിടെ നിന്ന് പരാതികൾ ഉണ്ടായിട്ടില്ലെന്നുമാണ് കേറ്ററിങ് സ്ഥാപനത്തിന്റെ വിശദീകരണം. എന്നാൽ റോബിൻ നൽകിയ പരാതിയെ തുടർന്ന് കേറ്ററിങ് സ്ഥാപനത്തിനെ കീഴ്വായ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
ശനിയാഴ്ച തിരുവനന്തപുരം ആറ്റിങ്ങൽ ഇളബ ഗവൺമെന്റ് ഹൈസ്‌കൂളിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. സഹവാസ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. മൂന്ന് വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണു. ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ആരുടെയും നില ഗുരുതരമല്ല.