വർക്കലയിൽ ഭക്ഷ്യവിഷബാധ; 22 പേർ ചികിത്സ തേടി
|ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി ഹോട്ടലുകൾ പൂട്ടിച്ചു
തിരുവനന്തപുരം: വർക്കലയിൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. 22 പേർ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ന്യൂ സ്പൈസ്, എലിഫൻ്റ് ഈറ്ററി ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ നേടിയത്. ആരുടേയും ആരോഗ്യനില ഗുരുതരമല്ല, എന്നാൽ എല്ലാവരും നിരീക്ഷണത്തിൽ തുടരുകയാണ്. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി ഹോട്ടലുകൾ പൂട്ടിച്ചു. രണ്ട് ഹോട്ടലുകളുടെയും മാനേജ്മെൻ്റ് ഒന്നാണ്. ഒരിടത്ത് പാചകം ചെയ്ത ഭക്ഷണമാണ് രണ്ടാമത്തെ ഹോട്ടലിലും വിതരണം ചെയ്തിരുന്നത്.
കഴിഞ്ഞ മാർച്ചിലും ന്യൂ സ്പൈസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 100 പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. ആ സമയം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി ഹോട്ടൽ പൂട്ടിച്ചിരുന്നു. പിന്നീട് മാസങ്ങൾക്കു മുൻപ് ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തിക്കുകയായിരുന്നു.