ഭക്ഷ്യവിഷബാധ; കോട്ടയത്ത് ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം
|ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടലിന് വീണ്ടും അനുമതി നൽകിയതിനാണ് ഹെൽഡ് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തത്
കോട്ടയം: കോട്ടയം നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തതിനെതിരെ ജീവനക്കാരുടെ പ്രതിഷേധം. നഗരസഭാ അധ്യക്ഷയെ ജീവനക്കാർ ഉപരോധിച്ചു. ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടലിന് വീണ്ടും അനുമതി നൽകിയതിനാണ് ഹെൽഡ് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തത് .
ഇന്ന് രാവിലെയാണ് സൂപ്പർവൈസറെ സസ്പെൻഡ് ചെയ്തത്. ഇടത് സംഘടനയിൽ പെട്ട ആളാണ് സൂപ്പർവൈസർ എന്നതിനാൽ ഇത് രാഷ്ട്രീയ നടപടിയാണ് എന്നാരോപിച്ച് ഇടത് രാഷ്ട്രീയ പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇദ്ദേഹത്തിന്റെ താഴെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ ഇദ്ദേഹത്തിന് സസ്പെൻഷൻ നൽകിയത് ശരിയായില്ല എന്നതാണ് ഇവരുടെ ആരോപണം.
നടപടിയ്ക്കെതിരെ ഇടത് കൗൺസിലർമാരുൾപ്പടെ പ്രതിഷേധത്തിനെത്തിയിരുന്നു. ഏറെ നേരം ഉപരോധം തുടർന്നതിന് ശേഷമാണ് പ്രതിഷേധക്കാർ മടങ്ങിയത്.
കഴിഞ്ഞ ദിവസമാണ് ഹോട്ടൽ പാർക്കിൽ നിന്നും ഭക്ഷണം കഴിച്ച കോട്ടയം കിളിരൂർ സ്വദേശി രശ്മി(33) മരിച്ചത്. ആരോഗ്യനില മോശമായ രശ്മി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയും നില മോശമായതിനെത്തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.