ഭക്ഷണ വില ഏകീകരിക്കാനാകുമോ എന്ന് പരിശോധിക്കണം: സ്പീക്കർ
|വൃത്തിയും രുചിയുമുള്ള ഭക്ഷണം കൊടുത്താൽ ജനം വരും
പൊതുവായ ഭക്ഷണങ്ങൾക്ക് വില ഏകീകരണം കൊണ്ടുവരാനാകുമോയെന്ന് പരിശോധിക്കണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. കാലാനുസൃതമായ വിലവർധനവ് വേണമെന്ന നിലപാടാണ് സർക്കാരിന്. ജനങ്ങൾക്കും മറിച്ചൊരു അഭിപ്രായമുണ്ടാകാൻ ഇടയില്ല. എന്നാൽ വിലവർധനവിന്റെ സാഹചര്യം ജനത്തെ ബോധ്യപ്പെടുത്താനാകണം.
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) സംസ്ഥാന കൺവെൻഷൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൃത്തിയും രുചിയുമുള്ള ഭക്ഷണം ഏവിടെ കൊടുത്താലും ജനം വരും. അടിസ്ഥാന പശ്ചാത്തലമൊരുക്കി ചെറിയ മുതൽ മുടക്കിൽ ഹോട്ടൽ വ്യവസായം ആരംഭിച്ചാൽ കൈപൊള്ളുന്ന സാഹചര്യം ഇന്ന് കേരളത്തിലില്ല. കൈവിട്ട് കളിക്കുമ്പോഴാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരുന്നത്. നോട്ടീസ് പീരിഡ് ഏർപ്പെടുത്തിയാൽ അപ്രതീക്ഷിതമായി തൊഴിലാളികൾ പിരിഞ്ഞുപോകുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നും ഉടമയും തൊഴിലാളിയും തമ്മിൽ നല്ല ബന്ധം പുലർത്തണമെന്നും സ്പീക്കർ പറഞ്ഞു.
ജില്ലകൾ തോറും ഹോട്ടൽ മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കാൻ സർക്കാർ സഹായം ലഭ്യമാക്കും. ജില്ലകളിലോ അല്ലെങ്കിൽ രണ്ടോ മൂന്നോ ജില്ലകൾക്ക് ഒരു പ്ലാന്റ് എന്ന നിലയിലോ സ്വന്തമായി മാലിന്യ സംസ്‌കരണ സംവിധാനം ഏർപ്പെടുത്തനായാൽ ഹോട്ടൽ മേഖല നേരിടുന്ന മാലിന്യ സംസ്‌കരണ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.