രാജധാനി എക്‌സ്പ്രസിൽ മാലിന്യത്തിൽ നിന്നെടുത്ത് ഭക്ഷണം നൽകി; പരാതിയുമായി യുവതിയും കുടുംബവും
|യാത്രയുടെ തുടക്കം മുതല്‍ മോശം പെരുമാറ്റം തുടങ്ങിയ ജീവനക്കാർ തന്റെ മതം ചോദിച്ചതായും യുവതി പരാതിപ്പെടുന്നു
കോഴിക്കോട്: രാജധാനി എക്സ്പ്രസില്‍ യാത്ര ചെയ്ത യുവതിക്കും കുടുംബത്തിനും മാലിന്യത്തില്‍ നിന്നെടുത്ത് ഭക്ഷണം നല്കി ട്രെയിനിലെ ജീവനക്കാർ അപമാനിച്ചതായി പരാതി. പനവേലില്‍ നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്ത കോഴിക്കോട് സ്വദേശിക്കും കുടുംബത്തിനുമാണ് മോശം അനുഭവമുണ്ടായത്. യാത്രയുടെ തുടക്കം മുതല്‍ മോശം പെരുമാറ്റം തുടങ്ങിയ ജീവനക്കാർ തന്റെ മതം ചോദിച്ചതായും യുവതി പരാതിപ്പെടുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനവേലിൽ നിന്ന് രാജധാനി എക്‌സ്പ്രസ് ട്രെയിനിൽ കയറിയത്. ഇവർ സീറ്റുലെത്തുമ്പോൾ തന്നെ അവിടെയുണ്ടായിരുന്ന പുതപ്പ് മാറ്റി പുതിയത് തരണമെന്ന ആവശ്യപ്പെട്ടതുമുതലാണ് പ്രശ്‌നം തുടങ്ങിയത്.
മറ്റുള്ളവർക്ക് കൊടുത്ത പത്തുമിനിറ്റിന് ശേഷമാണ് രാവിലത്തെ ഭക്ഷണം യുവതിക്കും കുടുംബത്തിനും കൊടുത്തത്.വൈകിയത് എന്താണെന്ന് ചോദിച്ചപ്പോൾ നിങ്ങൾക്ക് സ്‌പെഷലായി ഉണ്ടാക്കിയെന്നായിരുന്നു പാൻട്രി ജീവനക്കാരുടെ മറുപടി. എന്നാല്‍ അവര്‍ കൊണ്ടുവന്ന ബ്രഡ് കഴിച്ചപ്പോള്‍ രുചിവ്യത്യാസം അനുഭവപ്പെട്ടു. തുടര്‍ന്ന് കൂടെയുള്ളവരോട് കഴിക്കരുതെന്ന് പറയുകയും ചെയ്തതായി യുവതി മീഡിയവണിനോട് പറഞ്ഞു.
ഇത് സംശയം ജനിപ്പിച്ചു. ഉച്ചക്ക് കിട്ടിയ ഭക്ഷണം തുറന്നതോടെയാണ് പ്രശ്‌നം ഗുരുതമാണെന്ന് മനസിലായി. വൃത്തഹീനമായ ഭക്ഷണമായിരുന്നു നല്‍കിയത്. തുടർന്ന് ബോഗിയിലുണ്ടായിരുന്ന ആർമി ഉദ്യോഗസ്ഥർ ഇടപ്പെട്ടതിനെ തുടർന്ന് റെയിൽവെ പൊലീസ് ജീവനക്കാരെ ചോദ്യംചെയ്തപ്പോഴാണ് മാലിന്യത്തിൽ നിന്നെടുത്താണ് ഭക്ഷണം നൽകിയതെന്ന ജീവനക്കാർ സമ്മതിച്ചത്.സംഭവത്തിൽ മാപ്പ് പറയുന്നതിന് പകരം പുറത്ത് പറയരുതെന്നും ഒത്തുതീർപ്പാക്കണം എന്നായിരുന്നു അവരുടെ ആവശ്യം. പരാതി നല്‍കിയാല്‍ ഡല്‍ഹിയിലും മുംബൈയിലും കേസ് നടത്തിപ്പിനായി വരാന്‍ ബുദ്ധിമുട്ടാകുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ റെയിൽവെയിലെ ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ നിയമപോരാട്ടം നടത്താനാണ് യുവതിയുടെ തീരുമാനം.