ഹെൽമെറ്റ് എടുത്തതിനെ ചൊല്ലി തര്‍ക്കം; തൃശൂരില്‍ യുവാക്കളെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
|രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെങ്കിലും കൈപ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു
തൃശൂര്‍: തൃശൂർ കൈപ്പമംലം മൂന്നുപീടികയിൽ രണ്ടുയുവാക്കളെ വളഞ്ഞിട്ട് മർദിച്ചു. ഹെൽമെറ്റ് എടുത്തതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെങ്കിലും കൈപ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകുന്നേരമാണ് മൂന്നുപീടികയിൽ വെച്ച് രണ്ട് യുവാക്കൾക്ക് മറ്റൊരു സംഘത്തിൽ നിന്നും അതിക്രൂരമായ മർദ്ദനമേറ്റത്. പെരിഞ്ഞനം സ്വദേശികളായ അശ്വിൻ, ജിതിൻ എന്നിവരാണ് മർദ്ദനത്തിന് ഇരയായത്. ആക്രമിച്ച സംഘം യുവാക്കളെ അസഭ്യം പറയുകയും , തലക്കും ശരീരത്തിലും ആഞ്ഞു ചവിട്ടുന്നതും ഇടിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. നാട്ടുകാരി ഇടപെട്ടാണ് ആക്രമണത്തിന് ഇരയായവരെ രക്ഷപ്പെടുത്തിയത്.
ഇരുവരും ഇരിങ്ങാലക്കുടയിലെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പരാതി നൽകാതെ സ്ഥലം വിട്ടു. രേഖാമൂലം പരാതി നൽകിയില്ലെങ്കിലും ആക്രമണത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികൾക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്.