കോട്ടയത്തെ ആകാശപാതയുടെ ബല പരിശോധന ഇന്ന് രാത്രി തുടങ്ങും
|പാലക്കാട് ആർ.ഐ.ടിയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുക
കോട്ടയം: കോട്ടയത്തെ ആകാശപാതയുടെ ബല പരിശോധന ഇന്ന് രാത്രി തുടങ്ങും. പാലക്കാട് ആർ.ഐ.ടിയിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുക. വിദഗ്ധ സംഘത്തിന്റെ പരിശോധന റിപ്പോർട്ട് അനുസരിച്ചാകും ആകാശപാത പദ്ധതി തുടരണോ പൊളിച്ചു നീക്കണോ എന്ന് തീരുമാനിക്കുക. ഹൈക്കോടതി നിർദേശപ്രകാരമുള്ള ബലപരിശോധനയുടെ ഭാഗമായി ഇന്ന് മുതൽ ചൊവ്വാഴ്ച വരെ രാത്രിയിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. രാത്രി 10 മണി മുതൽ രാവിലെ ആറ് മണി വരെയാണ് പരിശോധന.
ആകാശപാത അപകട ഭീഷണിയാണെന്ന ഹർജി കോടതിയുടെ പരിഗണനയിലാണ്. കോട്ടയം സ്വദേശി ശ്രീകുമാറാണ് കോടതിയെ സമീപിച്ചത്.ആകാശപാതയുടെ നിർമ്മാണം പൂർത്തീകരിക്കാൻ കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കണമെന്ന് കഴിഞ്ഞ നവംബറിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. 2.10 കോടി രൂപ ചെലവഴിച്ചാണ് ആകാശപാത നിർമിച്ചത്.
അതേസമയം നിർമാണം പൊളിച്ചു നീക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്. പരിശോധനയുടെ ഭാഗമായുള്ള രാത്രി കാലത്തെ ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെയാണ്. തിരുവനന്തപുരത്തുനിന്ന് ഏറ്റുമാനൂരിലേക്കുള്ള ഭാരവാഹനങ്ങൾ നാട്ടകം സിമന്റ് കവലയിൽ നിന്ന് തിരിഞ്ഞും ഏറ്റുമാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വാഹനങ്ങൾ നാഗമ്പടം വഴിയും പോകണം.