Kerala
സിൽവർ ലൈൻ പദ്ധതിക്ക് വിദേശ ഫണ്ട് ലഭിക്കണമെങ്കിൽ 80 ശതമാനം ഭൂമിയും ഏറ്റെടുക്കണം: കെ റെയിൽ എം.ഡി
Kerala

സിൽവർ ലൈൻ പദ്ധതിക്ക് വിദേശ ഫണ്ട് ലഭിക്കണമെങ്കിൽ 80 ശതമാനം ഭൂമിയും ഏറ്റെടുക്കണം: കെ റെയിൽ എം.ഡി

Web Desk
|
3 April 2022 8:09 AM GMT

റെയിൽ അനാലിസിസ് ഡോട്ട് കോമിന് കഴിഞ്ഞ വർഷം ആഗസ്റ്റ് 26 ന് നൽകിയ അഭിമുഖത്തിലാണ് കെ റെയിൽ എം.ഡി ഇക്കാര്യം വിശദീകരിക്കുന്നത്

തിരുവനന്തപുരം: സിൽവർ ലൈൻ അർധ അതിവേഗ പാതയ്ക്ക് വിദേശ ഫണ്ട് ലഭിക്കണമെങ്കിൽ പദ്ധതിക്കാവശ്യമായ 80 ശതമാനം ഭൂമിയും ഏറ്റെടുക്കണമെന്ന് കെ റെയിൽ എം.ഡി വി അജിത്ത് കുമാർ. റെയിൽ അനാലിസിസ് ഡോട്ട് കോമിന് കഴിഞ്ഞ വർഷം ആഗസ്റ്റ് 26 ന് നൽകിയ അഭിമുഖത്തിലാണ് കെ റെയിൽ എം.ഡി ഇക്കാര്യം വിശദീകരിക്കുന്നത്. സാമൂഹികാഘാത പഠനത്തിന് കല്ലിടുന്നത് ഭൂമി ഏറ്റെടുത്തെന്ന റിപ്പോർട്ട് തയ്യാറാക്കാനാണെന്ന വിമർശനം ശക്തിപ്പെടുന്നതിനിടെയാണ് അജിത്ത് കുമാറിന്റെ ആറ് മാസം മുമ്പുള്ള അഭിമുഖം വീണ്ടും ചർച്ചയാവുന്നത്.

ഭൂമി ഏറ്റെടുക്കാൻ കേരളത്തിലുള്ള ബുദ്ധിമുട്ടുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു കെ റെയിൽ എം.ഡിയുടെ പരാമർശം. കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി ലഭിച്ച ശേഷമേ ഭൂമി ഏറ്റെടുക്കൽ നടപടി നടക്കൂവെന്ന് വ്യക്തമാക്കി കൊണ്ടാണ് ജൈക്ക, എ.ഡി.ബി തുടങ്ങിയ രാജ്യാന്തര ഏജൻസികൾ പദ്ധതികൾക്ക് ഫണ്ട് നൽകണമെങ്കിൽ 80 ശതമാനം ഭൂമിയും ഏറ്റെടുക്കണമെന്നുള്ള എം.ഡിയുടെ വിശദീകരണം.സംസ്ഥാനത്തെ എല്ലാ വികസന പ്രവർത്തനങ്ങളും മന്ദഗതിയിലാക്കുന്ന പ്രധാന പ്രശ്‌നം ഭൂമി ഏറ്റെടുക്കലിലെ കാലതാമസമാണ്.

ഈ സാഹചര്യത്തിൽ തത്വത്തിൽ അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ മാർഗ നിർദേശ പ്രകാരം തത്വത്തിൽ അംഗീകാരം ലഭിച്ച പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള പ്രവർത്തനങ്ങൾക്ക് 100 കോടി രൂപ വരെ ചിലവഴിക്കാം. അതിനാൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികളിൽ അപാകതയില്ലെന്നും അഭിമുഖത്തിൽ കെ റെയിൽ എം.ഡി വിശദീകരിക്കുന്നുണ്ട്.

Similar Posts