Kerala
കഞ്ചാവ് കേസില്‍ പ്രതികളായ വിദേശികള്‍ക്ക് നാല് വർഷം കഠിന തടവ്
Kerala

കഞ്ചാവ് കേസില്‍ പ്രതികളായ വിദേശികള്‍ക്ക് നാല് വർഷം കഠിന തടവ്

Web Desk
|
25 Nov 2021 12:11 PM GMT

പ്രതികളുടെ ഉടമസ്ഥതയിലുള്ള തേക്കടിയിലെ റിസോർട്ടിൽ അഞ്ച് കഞ്ചാവ് ചെടികൾ നട്ടുനനച്ച് വളർത്തിയതായി കണ്ടെത്തുകയും 90 ഗ്രാം ഉണക്കിയ കഞ്ചാവും, 90 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുക്കുകയും ചെയ്തിരുന്നു

ഇടുക്കിയില്‍ കഞ്ചാവ് കേസില്‍ പ്രതികളായ വിദേശികള്‍ക്ക് നാല് വർഷം കഠിന തടവ്. പ്രതികള്‍ ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. ജർമന്‍ പൗരയായ അള്‍റിക് റിറ്റ്ചർ, ഈജിപ്തുകാരന്‍ ആദില്‍ മുഹമ്മദ് എന്നിവരാണ് പ്രതികള്‍.

2016ലാണ് കേസിന് ആസ്പദമായ സംഭവം. പ്രതികളുടെ ഉടമസ്ഥതയിലുള്ള തേക്കടിയിലെ റിസോർട്ടില്‍ അഞ്ച് കഞ്ചാവ് ചെടികള്‍ നട്ടുനനച്ച് വളർത്തിയതായി കണ്ടെത്തിയിരുന്നു. കൂടാതെ 90 ഗ്രാം ഉണക്കിയ കഞ്ചാവും, 90 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുക്കുകയുമുണ്ടായി.

കഞ്ചാവ് ചെടി വളർത്തിയതിനാണ് നാല് വർഷം കഠിന തടവ്. ഒരു ലക്ഷം പിഴയൊടുക്കിയില്ലെങ്കില്‍ തടവ് ഒരു വർഷം കൂടി നീളും. ഉണക്കിയ കഞ്ചാവും ഹാഷിഷ് ഓയിലും കൈവശം വെച്ചതിന് ഒരു മാസം തടവും പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയൊടുക്കിയില്ലെങ്കില്‍ തടവ് രണ്ട് മാസമാകും. തൊടുപുഴ എന്‍.ഡി.പി.എസ് കോടതിയുടേതാണ് ശിക്ഷാ വിധി. പ്രതികള്‍ക്കെതിരായ നടപടി അതാത് രാജ്യങ്ങളെ രേഖാമൂലം അറിയിക്കും.

അതേസമയം, ആദില്‍ മുഹമ്മദിനെയും, അള്‍റിക് റിറ്റ്ചറിനെയും കേസില്‍ പെടുത്തിയതാണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. കോടതി നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

Similar Posts