Kerala
കോട്ടയത്ത് നിന്ന് കണ്ടെത്തിയ അസ്ഥികൂടം പത്ത് വര്‍ഷം പഴക്കമുള്ളത്; കേസില്‍ നിര്‍ണായക വഴിത്തിരിവ്
Kerala

കോട്ടയത്ത് നിന്ന് കണ്ടെത്തിയ അസ്ഥികൂടം പത്ത് വര്‍ഷം പഴക്കമുള്ളത്; കേസില്‍ നിര്‍ണായക വഴിത്തിരിവ്

Web Desk
|
22 Sep 2021 1:24 AM GMT

പ്രദേശത്ത് നിന്നും കാണാതായവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

കോട്ടയം വൈക്കത്ത് അസ്ഥികൂടം കണ്ടെത്തിയതിൽ നിര്‍ണ്ണായക വഴിത്തിരിവ്. 18നും 30നും മധ്യേ പ്രായമുള്ള യുവാവിന്‍റെ അസ്ഥികൂടമാണെന്ന് ഫോറന്‍സിക്ക് പരിശോധനയില്‍ വ്യക്തമായി. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മരിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. പ്രദേശത്ത് നിന്നും കാണാതായവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഗസ്റ്റ് ഏഴിനു വൈക്കം ടി വി പുരം ചെമ്മനത്തുകരയില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. മത്സ്യകുളം നിര്‍മ്മിക്കാന്‍ കുഴിയെടുത്തപ്പോഴായിരുന്നു അസ്ഥികൂടം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മൃതദേഹം പുരുഷന്‍റേതാണെന്ന് തെളിഞ്ഞിരുന്നു. പിന്നാലെയാണ് കൂടുതല്‍ വ്യക്തത ഉണ്ടാകാന്‍ ഫോറന്‍സിക് പരിശോധനയും നടത്തിയത്. 18വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ള യുവാവിന്‍റെ അസ്ഥികൂടമാണെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.

അസ്ഥി കൂടത്തിന് പത്ത് വര്‍ഷത്തെ പഴക്കമുണ്ട്. 160 സെന്‍റിമീറ്ററിനും 167 സെന്‍റിമീറ്ററിനുമിടയിലാണ് ഉയരം. ഒരു കാലില്‍ പൊട്ടലുണ്ടായതിന്‍റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് നിന്നും കാണാതായ രണ്ടു പേരുടെ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധന നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

Similar Posts