''മുസ്‌ലിം ലീഗെന്ന മഹാപ്രസ്ഥാനത്തെ നയിക്കാൻ മുൻഗാമികളുടെ ചരിത്രവും ജീവിതവും തന്നെയാണ് ബലം'': സാദിഖലി ശിഹാബ് തങ്ങൾ
|ഖാഇദെ മില്ലത്ത് കൈമാറിത്തന്ന പതാക തന്റെ സഹോദങ്ങൾ ഉയർത്തിപ്പിടിച്ച പോലെ അഭിമാനത്തോടെ ഉയർത്തിപ്പിടിക്കാമെന്നും സാദിഖലി ശിഹാബ് തങ്ങൾ
മുസ്‌ലിം ലീഗ് എന്ന മഹാപ്രസ്ഥാനത്തെ നയിക്കാൻ മുൻഗാമികളുടെ ചരിത്രവും ജീവിതവും തന്നെയാണ് ബലമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി ഉന്നതാധികാര സമിതി അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു. മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. ഫേസ്ബുക്ക് പോസ്റ്റിലാണ് സാദിഖലി ശിഹാബ് തങ്ങളുടെ പരാമർശം.
ഹൈദരലി തങ്ങൾ അസുഖ ബാധിതനായപ്പോൾ സാദിഖലി തങ്ങൾക്കായിരുന്നു താൽക്കാലിക ചുമതല. മലപ്പുറം ജില്ലാ പ്രസിഡന്റായി സേവനമനുഷ്ഠിച്ച സാദിഖലി തങ്ങൾ ലീഗ് ഉന്നതാധികാര സമിതി അംഗവുമാണ്. 1964ലാണ് സാദിഖലി ശിഹാബ് തങ്ങളുടെ ജനനം. പിതാവ്- പി.എം.എസ്.എ പൂക്കോയ തങ്ങൾ. മാതാവ്- ഖദീജ ഇമ്പിച്ചി ബീവി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറായും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറായും പ്രവർത്തിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ ജനറൽ സെക്രട്ടറി, വളവന്നൂർ ബാഫഖി യതീംഖാന പ്രസിഡൻറ്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം സഭ വൈസ് പ്രസിഡൻറ്, എരമംഗലം ദാറുസ്സലാമത്ത് ഇസ്‌ലാമിക് കോംപ്ലക്‌സ് പ്രസിഡൻറ്, കാടഞ്ചേരി നൂറുൽ ഹുദാ ഇസ്‌ലാമിക് കോളജ് പ്രസിഡൻറ്, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ്, സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോർഡ് നിർവ്വാഹക സമിതി അംഗം, കോഴിക്കോട് ഇസ്‌ലാമിക് സെന്റർ ചെയർമാൻ, പെരുമണ്ണ പുത്തൂർമഠം ജാമിഅ ബദരിയ്യ ഇസ്‌ലാമിയ്യ പ്രസിഡൻറ്, പേരാമ്പ്ര ജബലുന്നൂർ ഇസ്‌ലാമിക് കോളജ് പ്രസിഡൻറ്, കിഴിശ്ശേരി മുണ്ടംപറമ്പ് റീജിയണൽ ആർട്സ് ആന്റ് സയൻസ് കോളജ് (നാഷണൽ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്) ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
സാദിഖലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-
പ്രിയപെട്ടവരെ, ഒരു നിയോഗമെന്ന പോലെ എന്നിൽ ഏല്പിക്കപെട്ടതാണ് ഈ ഉത്തരവാദിത്വമെന്ന ഉത്തമ ബോധ്യമുണ്ട്. മുസ്ലിം ലീഗ് എന്ന മഹാപ്രസ്ഥാനത്തെ നയിക്കാൻ മുൻഗാമികളുടെ ചരിത്രവും ജീവിതവും തന്നെയാണ് ബലം. ഒരു ജനതയെ ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് നയിക്കാനായി അവർ വെട്ടിത്തെളിച്ച വഴികളിലൂടെ ആത്മവിശ്വാസത്തോടെ നമുക്ക് നടക്കാം. മതേതര കേരളത്തിന്റെ പിന്തുണയോടെ ന്യൂനപക്ഷ, പിന്നോക്ക ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി നമുക്ക് പോരാട്ടം തുടരാം.
ഖാഇദെ മില്ലത്ത് കൈമാറിത്തന്ന ഈ പതാക എന്റെ സഹോദങ്ങൾ ഉയർത്തി പിടിച്ച പോലെ നമ്മുക്കും അഭിമാനത്തോടെ ഉയർത്തിപ്പിടിക്കാം. പ്രിയപ്പെട്ടവരുടെ പിന്തുണയുണ്ടാകണം. പ്രാർത്ഥനകളും.