Kerala
ഇടുക്കിയില്‍ ഏല കര്‍ഷകരില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അനധികൃത പണപ്പിരിവ് നടത്തുന്നതായി പരാതി
Kerala

ഇടുക്കിയില്‍ ഏല കര്‍ഷകരില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അനധികൃത പണപ്പിരിവ് നടത്തുന്നതായി പരാതി

Web Desk
|
19 Aug 2021 5:18 AM GMT

ഏലത്തോട്ട ഉടമകളുടെ വീടുകളിൽ മഫ്തിയിലെത്തിയാണ് ഉദ്യോഗസ്ഥർ പണം പിരിക്കുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇടുക്കിയിലെ ഏല കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിത പണപ്പിരിവ് നടത്തുന്നതായി പരാതി. ഓണച്ചെലവിനെന്ന പേരിലാണ് 1,000 മുതൽ 10,000 രൂപ വരെ പിരിക്കുന്നതെന്ന് കർഷകർ പറയുന്നു.

പണം വാങ്ങുന്ന ദൃശ്യങ്ങൾ സഹിതം കർഷകർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും കോട്ടയം ഡിഎഫ്ഒയ്ക്കും പരാതി നൽകി. അയപ്പൻകോവിൽ, കാഞ്ചിയാർ, കല്ലാർ, കുമളി, പുളിയൻമല, വണ്ടൻമേട്, കമ്പംമെട്ട് മേഖലകളിലാണ് ഉദ്യോഗസ്ഥർ അനധികൃത പണപ്പിരിവ് നടത്തിയെന്ന് പരാതി ഉയർന്നത്.

കർഷകരുടെ തോട്ടത്തിൽ ഒടിഞ്ഞുവീണ മരക്കമ്പുകൾ കർഷകർ ശേഖരിച്ചു വയ്ക്കാറുണ്ട്. ഇതിനെതിരേ വനനിയമം അനുസരിച്ച് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും പണം പിരിക്കുന്നുണ്ടെന്ന് കർഷകർ ആരോപിച്ചു. ഏല കുത്തക പാട്ടഭൂമിയിലെ മരങ്ങൾ മുറിക്കാനോ ശിഖരങ്ങൾ എടുക്കാനോ നിയമപരമായി സാധിക്കില്ല

ഏല കുത്തക പാട്ടഭൂമിയിലെ ഇത്തരം കർശന നിയമങ്ങൾ ആയുധമാക്കിയാണ് ഉദ്യോഗസ്ഥർ കർഷകരെ പിഴിയുന്നത്. ഏലത്തോട്ട ഉടമകളുടെ വീടുകളിൽ മഫ്തിയിലെത്തിയാണ് ഉദ്യോഗസ്ഥർ പണം പിരിക്കുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇതുപോലെയുള്ള മറ്റു ആഘോഷദിവസങ്ങളിലും വനം വകുപ്പ് ഉദ്യോഗസ്ഥർ പണം പിരിക്കാറുണ്ടെന്ന് കർഷകർ ആരോപിച്ചു. ഇതിന് മുമ്പും പരാതി നൽകിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥർക്കെതിരേ യാതൊരു നടപടിയുമെടുത്തില്ലെന്ന് കർഷകർ പറഞ്ഞു. ഇത് ഉന്നത ഉദ്യോഗസ്ഥർക്ക് കൂടി ഇതിൽ പങ്കുള്ളതിന്റെ സൂചനയാണെന്നും കർഷകർ ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധിയും ഏലത്തിന്റെ വിലയിടവിലും കർഷകർ ദുരിതത്തിലായിരിക്കുമ്പോഴാണ് ഇത്തരത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കർഷകരിൽ നിന്ന് പണപ്പിരിവും നടത്തുന്നത്.

Similar Posts