'നിരപരാധിയാണെന്ന് പറഞ്ഞിട്ടും കേട്ടില്ല, വിളിച്ചുവരുത്തി മർദിച്ചു'; വനം വകുപ്പ് കള്ളക്കേസില്‍ കുടുക്കിയ സരുണ്‍
|കേസ് പിൻവലിക്കാത്തതിൽ ആശങ്കയുണ്ടെന്നും കുടുംബത്തിന്റെ വരുമാനം ഇല്ലാതായതായും യുവാവ്
ഇടുക്കി:ഇടുക്കിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ച ആദിവാസി യുവാവ് സരുൺ സജിക്കെതിരെയുള്ള കേസ് ഇതുവരെ പിൻവലിച്ചില്ല. സ്ഥലത്തില്ലാതിരുന്ന തന്നെ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നെന്നും നിരപരാധിയാണെന്ന് പറഞ്ഞിട്ടും മർദനം തുടർന്നെന്നും സരുൺ മീഡിയവണിനോട് പറഞ്ഞു.
നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ലെന്നും സരുൺ പറഞ്ഞു. സ്ഥലത്തില്ലായിരുന്ന തന്നെ വിളിച്ച് വരുത്തിയാണ് മർദിച്ചത്. കള്ളക്കേസാണെന്ന് തെളിഞ്ഞിട്ടും കേസ് ഒഴിവാക്കാത്തതിൽ ആശങ്ക ഉണ്ട്.
കേസൊഴിവാക്കിത്തരണമെന്നും ഉപജീവനമാർഗമായ ഓട്ടോറിക്ഷയും ഫോണും വിലപ്പെട്ട രേഖകളും തിരിച്ച് നൽകണമെന്നുമാണ് സരുണിന്റെ ആവശ്യം. കേസിൽ പെട്ടതോടെ കുടുംബത്തിന്റെ വരുമാനം ഇല്ലാതായി. മാതാപിതാക്കൾ രോഗാവസ്ഥയിലായി. ബി.കോം ബിരുദധാരിയും രണ്ട് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ് സരുൺ സജി.
അതേസമയം, നടപടിക്രമങ്ങൾ പൂർത്തിയാകേണ്ടതുണ്ടെന്ന് വനം വകുപ്പിന്റെ വിശദീകരണം. കാട്ടിറച്ചി കൈവശം വച്ചെന്ന് ആരോപിച്ചാണ് കണ്ണംപടി സ്വദേശിയായ സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കിയത്. സംഭവത്തില്‍ ഇതുവരെ ഏഴ് പേരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഫോറസ്റ്റര്‍ അനില്‍കുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. വനം വിജിലന്‍സ് വിഭാഗം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരുകയാണെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ കൂടുതല്‍ നടപടികളുണ്ടാവുമെന്നും വനം വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
സംഭവത്തിൽ നടപടി നേരിട്ട വനംവകുപ്പ് ഉദ്യോഗസ്ഥൻ പണം നൽകിയത് വിവാദമായിരുന്നു. കേസില്‍ നടപടി നേരിട്ട മുൻ ഇടുക്കി വൈൾഡ് ലൈഫ് വാർഡൻ രാഹുൽ ബിയുടെ സ്വകാര്യ അക്കൗണ്ടിൽ നിന്നാണ് പണം അയച്ചത്. 5000 രൂപയാണ് നല്‍കിയത്.മര്‍ദനമേറ്റതിനെ തുടര്‍ന്ന് നാട്ടുകാര്‍ രൂപീകരിച്ച സമരസമിതിയുടെ ചെയര്‍മാന്റെ അക്കൗണ്ടിലേക്കാണ് പണം അയച്ചത്. ഒക്ടോബര്‍ 30നാണ് പണം നല്‍കിയത്. യുവാവിന്റെ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമുള്ള അടിയന്തര സഹായമായാണ് പണമയച്ചത് എന്നാണ് വനംവകുപ്പ് വാദം.എന്നാൽ കേസ് ഒതുക്കിത്തീര്‍ക്കാനും തങ്ങളെ കുടുക്കാനുമുള്ള നീക്കമാണെന്ന് മനസിലാക്കി സമരസമിതി ചെയര്മാന് എൻ ആർ മോഹനന് പിറ്റേദിവസം തന്നെ പണം തിരിച്ചയച്ചു.