ഇടുക്കിയിലെ കടുവ ആക്രമണം; പിടികൂടാൻ കൂട് സ്ഥാപിച്ച് വനംവകുപ്പ്
|കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നൈമക്കാട് മാത്രം പത്ത് പശുക്കളെയാണ് കടുവ കൊന്നത്.
ഇടുക്കി: മൂന്നാർ നൈമക്കാട് മേഖലയിൽ ഭീതിപരത്തുന്ന കടുവയെ പിടികൂടാൻ കൂടുകൾ സ്ഥാപിച്ച് വനം വകുപ്പ്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നാണ് വനം വകുപ്പ് നടപടികളാരംഭിച്ചത്. ഇതിനിടെ നൈമക്കാട് എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയുടേതെന്ന് കരുതുന്ന ദൃശ്യങ്ങൾ മീഡിയാ വണിന് ലഭിച്ചു.
കടുവയെ പിടികൂടാൻ വനം വകുപ്പ് തിരച്ചിൽ നടത്തുന്നതിനിടെയാണ് പെരിയവരെ എസ്റ്റേറ്റ് റോഡിലൂടെ പോകുന്ന കടുവയുടെ ദൃശ്യങ്ങൾ അതുവഴി പോയ യാത്രക്കാർ പകർത്തിയത്. നൈമക്കാട് എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയാകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നൈമക്കാട് മാത്രം പത്ത് പശുക്കളെയാണ് കടുവ കൊന്നത്.
വളർത്തുമൃഗങ്ങൾക്ക് നേരെ ആക്രമണം പതിവായതോടെ നാട്ടുകാരുടെ പ്രതിഷേധവും ഉയർന്നു. ഇതോടെയാണ് അക്രമകാരിയായ കടുവയെ പിടികൂടാൻ വനം വകുപ്പ് ശ്രമങ്ങളാരംഭിച്ചത്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചയിടങ്ങളിൽ മൂന്നു കൂടുകൾ സ്ഥാപിച്ചു. ഇതിൽ ഇരയെ ഇട്ട് കടുവയെ കൂട്ടിലാക്കാനുള്ള ശ്രങ്ങളാണ് പുരോഗമിക്കുന്നത്.
വനപാലകരുടെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞ് തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നൈമക്കാട് കേന്ദ്രീകരിച്ച് വനംവകുപ്പ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. മൂന്നാർ ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ ശ്രമം ഫലം കണ്ടില്ല. തിരച്ചിൽ തുടരാനാണ് നിലവിലെ തീരുമാനം.