താമരശ്ശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച കേസ്; മൊഴിമാറ്റിയ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി വിജിലൻസ് റിപ്പോർട്ട്
|വിചാരണവേളയിൽ വനം വകുപ്പ് മുൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുബ്രമണ്യൻ ഇന്ന് മൊഴിമാറ്റി
താമരശ്ശേരി:വനം വകുപ്പ് ഓഫീസ് കത്തിച്ച കേസിൽ മൊഴിമാറ്റിയ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി വിജിലൻസ് റിപ്പോർട്ട്. തുടർ നടപടികൾ കോടതിയിൽ നിന്നുള്ള രേഖകൾ ലഭിച്ചതിന് ശേഷം മതിയെന്നും റിപ്പോർട്ടിൽ പറയുന്നു . വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് റിപ്പോർട്ട് കൈമാറി. വിചാരണവേളയിൽ വനംവകുപ്പുദ്യോസ്ഥനായിരുന്ന ഒരാൾ കൂടെ മൊഴിമാറ്റി. വനം വകുപ്പ് മുൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുബ്രമണ്യനാണ് ഇന്ന് മൊഴിമാറ്റിയത്.
താമരശ്ശേരി വനംവകുപ്പോഫീസ് കത്തിച്ച കേസിൽ മൂന്ന് വനംവകുപ്പുദ്യോഗസ്ഥരടക്കം എട്ട് പേർ കൂറുമാറിയിരുന്നു. ഇതിനെ തുടർന്നാണ് വനം വിജിലൻസ് ഫോറസ്റ്റ് കൺസർവേറ്ററെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. മൊഴിമാറ്റിയ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടെന്നുള്ളതാണ് അന്വേഷണ റിപ്പോർട്ട്. തുടർ നടപടികൾ കോടതിയിൽ നിന്ന് രേഖകൾ ലഭിച്ചതിന് ശേഷം മതിയെന്നും റിപ്പോർട്ടിൽ പറയുന്നു. കൂറുമാറിയ ഉദ്യോഗസ്ഥരുടെ മൊഴി വിജിലൻസ് എടുത്തിരുന്നു. അക്രമം നടന്ന് പത്ത് വർഷത്തിന് ശേഷമായതിനാലാണ് പ്രതികളെ തിരിച്ചറിയാൻ സാധിക്കാതിരുന്നതെന്നാണ് ഉദ്യോഗസ്ഥർ വിജിലൻസിനോട് പറഞ്ഞത്. ഡപ്യൂട്ടി റേഞ്ച് ഓഫീസർ എ കെ രാജീവൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രവീൺ, സുരേന്ദ്രൻ എന്നിവരാണ് കൂറുമാറിയ വനംവകുപ്പുദ്യോഗസ്ഥർ. കേസിൽ എട്ടുപേർ ഇതിനകം മൊഴിമാറ്റിയിരുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ TS സജുവും കേസിലിന്ന് മൊഴി നൽകി. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്ന സി പി ഒ സുരേഷ് അസുഖമായതിനാൽ എത്തിയില്ല. ഇയാൾ മാർച്ച് ഒന്നിന് ഹാജരാകണം.