അരിക്കൊമ്പൻ ദൗത്യത്തിൽ അനിശ്ചിതത്വം തുടർന്നതോടെ കുംകിയാനകളെ മാറ്റാൻ വനംവകുപ്പ്
|കുംകിയാനകളെ കാണാൻ സന്ദർശകരുടെ തിരക്ക് വർധിച്ചതും താവളം മാറ്റാൻ പ്രധാനപ്പെട്ട കാരണമാണ്.
ഇടുക്കി: ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടെ കുംകിയാനകളെ മാറ്റാൻ വനം വകുപ്പിന്റെ നീക്കം. സ്വകാര്യ എസ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾക്ക് ക്യാംപ് തടസമാവുന്നതിനാലാണ് സിമന്റ് പാലത്തെ ക്യാംപ് മാറ്റുന്നത്. കുംകിയാനകളെ കാണാൻ സന്ദർശകരുടെ തിരക്ക് വർധിച്ചതും താവളം മാറ്റാൻ പ്രധാനപ്പെട്ട കാരണമാണ്.
അരിക്കൊമ്പനെ പിടികൂടാനുള്ള നാല് കുംകിയാനകൾ ഇടുക്കിയിലെത്തിയിട്ട് ആഴ്ചകളായി. ദൗത്യ സംഘാംഗങ്ങളും ജീവനക്കാരുമുൾപ്പെടെ ഇരുപത്തിയഞ്ചോളം പേരും ചിന്നക്കനാൽ സിമന്റ് പാലത്തെ ക്യാമ്പിലുണ്ട്. സ്വകാര്യ എസ്റ്റേറ്റിനോടനുബന്ധിച്ചാണ് താൽക്കാലിക ക്യാമ്പൊരുക്കിയിരുന്നത്. അരിക്കൊമ്പന്‍ ദൗത്യം നീളുന്നത് എസ്റ്റേറ്റിന്റെ പ്രവർത്തനങ്ങളെ ബാധിച്ചതോടെയാണ് ക്യാംപ് മാറ്റാൻ വനം വകുപ്പ് നീക്കം തുടങ്ങിയത്. ആനകളെ കാണാൻ സന്ദർശകരേറിയതും ക്യാംപിന് സമീപം അരിക്കൊമ്പനുൾപ്പെടെയുള്ള കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നതും കാരണമായി.
ശാന്തൻപാറ പഞ്ചായത്തിലെ ഗൂഡംപാറ എസ്റ്റേറ്റും, ചിന്നക്കനാൽ പഞ്ചായത്തിലെ 301 കോളനിയുമാണ് വനം വകുപ്പിന്റെ പരിഗണനയിലുള്ളത്. സന്ദർശകരെത്താത്ത വിധം സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി ക്യാംപ് മാറ്റാനാണ് വനം വകുപ്പിന്റെ തീരുമാനം. അതേസമയം ദൗത്യം നീളുന്നത് വൻ സാമ്പത്തിക ബാധ്യതക്കും വഴിയൊരുക്കിയിട്ടുണ്ട്. ഇതു വരെ പത്ത് ലക്ഷം രൂപ വനം വകുപ്പ് ചില വഴിച്ചെന്നാണ് വിവരം.