കാട്ടാന ശല്യമോ? അക്ഷയ സെന്ററിലേക്ക് വിട്ടോ... കർഷകനെ ആക്ഷേപിച്ച് വനംവകുപ്പ്
|ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം ഏലം ,വാഴ,കവുങ്ങ് തുടങ്ങിയ കാർഷികവിളകളും സബർജിൽ, വെളുത്തുള്ളിത്തോട്ടങ്ങളും ചവിട്ടി മെതിച്ചു
ഇടുക്കി: കാട്ടാനശല്യത്തിന് പരിഹാരം തേടി വനം വകുപ്പിനെ സമീപിച്ച കർഷകനോട് അക്ഷയ കേന്ദ്രത്തിൽ പരാതിനൽകാൻ നിർദേശിച്ചതായി ആക്ഷേപം. ഇടുക്കി കാന്തല്ലൂർ തലച്ചോർ കടവിൽ സ്വദേശി രമേഷാണ് വനം വകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
വനം വകുപ്പിനെ സമീപിക്കുമ്പോൾ നടപടികൾക്ക് പകരം നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാനാണ് നിർദേശമെന്നാണ് രമേഷ് ഉൾപ്പടെയുള്ള കർഷകരുടെ ആരോപണം. കാട്ടാന ശല്യം മൂലം ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയാണെന്നും എങ്ങനെ ജീവിക്കും എന്നറിയില്ലെന്നും ഇവർ പറയുന്നു.
കഴിഞ്ഞ ഒരുമാസക്കാലമായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം ഏലം ,വാഴ,കവുങ്ങ് തുടങ്ങിയ കാർഷികവിളകളും സബർജിൽ, വെളുത്തുള്ളിത്തോട്ടങ്ങളും ചവിട്ടി മെതിച്ചു.
പത്ത് ദിവസം മുമ്പ് പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ 80 അംഗ സംഘം ആനകളെ തുരത്താനുള്ള ശ്രമം നടത്തിയിരുന്നു. അഞ്ച് ആനകളെ കാട് കയറ്റിയെങ്കിലും ഇവ വീണ്ടും ജനവാസമേഖലയിലെത്തുന്നതിന്റെ ആശങ്കയിലാണ് പ്രദേശവാസികൾ. ആനകളെ തുരത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും രാത്രി കാല നിരീക്ഷണം ശക്തമാക്കുമെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം