'വന്യജീവി ആക്രമണത്തിൽ ശാശ്വത പരിഹാരമായിട്ടില്ല'; വിഷയം ഗൗരവത്തോടെ കാണുന്നുവെന്ന് മന്ത്രി
|വയനാടിന് വേണ്ടി പ്രത്യേക പാക്കേജ് മുഖ്യമന്ത്രി തന്നെ അനുവദിച്ചിട്ടുണ്ട്. 1472 കിലോമീറ്റർ ദൂരത്തിൽ സംസ്ഥാനത്ത് വന്യജീവി ആക്രമണം തടയാൻ മതിലുകളും കിടങ്ങുകളും സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളെ സർക്കാർ ഗൗരവമായിട്ടാണ് കാണുന്നതെങ്കിലും ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സംസ്ഥാനം ഏതാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
അക്രമകാരികളായ വന്യജീവികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. അത് നിയന്ത്രിച്ചാൽ മാത്രമേ ആക്രമണം തടയാൻ കഴിയൂ. വനംവകുപ്പ് ഉദ്യോഗസ്ഥർ ജാഗ്രതയോടു കൂടിയാണ് എന്തെങ്കിലും സംഭവമുണ്ടായാൽ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വയനാടിന് വേണ്ടി പ്രത്യേക പാക്കേജ് മുഖ്യമന്ത്രി തന്നെ അനുവദിച്ചിട്ടുണ്ട്. 1472 കിലോമീറ്റർ ദൂരത്തിൽ സംസ്ഥാനത്ത് വന്യജീവി ആക്രമണം തടയാൻ മതിലുകളും കിടങ്ങുകളും സ്ഥാപിച്ചിട്ടുണ്ട്. വയനാട് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്നുപേരാണ്. കൊല്ലപ്പെട്ട രണ്ടുപേരുടെയും കുടുംബത്തിനും മുഴുവൻ നഷ്ടപരിഹാരവും സർക്കാർ നൽകി. മൂന്നാമത്തെയാളുടെ പേപ്പറുകളും മറ്റും ലഭിക്കുന്ന മുറയ്ക്ക് തുക നൽകും. ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ സന്നദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.