തൃശൂര്‍ പൂരം: വിവാദ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുമെന്ന് വനം വകുപ്പ് മന്ത്രി
|ഉത്സവ പരിപാടികള്‍ ആചാരമനുസരിച്ച് നടത്തുന്നത് പ്രധാനമെന്നും അടിയന്തര സാഹചര്യം കോടതിയെ അറിയിക്കുമെന്നും മന്ത്രി
തിരുവനന്തപുരം: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. അപ്രായോഗിക നിര്‍ദേശങ്ങള്‍ തിരുത്തി തിങ്കളാഴ്ച പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും ആനകളുടെ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഉത്സവ പരിപാടികള്‍ ആചാരമനുസരിച്ച് നടത്തുന്നത് പ്രധാനമെന്നും അടിയന്തര സാഹചര്യം കോടതിയെ അറിയിക്കുമെന്നും മന്ത്രി.
തൃശൂര്‍ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതി കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. മുഴുവന്‍ ആനകളുടെ പട്ടികയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കാനാണ് നിര്‍ദേശം. കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി ആനകളെ പരിശോധിക്കണമെന്നും ആരോഗ്യ പ്രശ്‌നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ആന എഴുന്നള്ളിപ്പില്‍ ഇപ്പോഴത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്നാണ് ആന ഉടമകളുടെ നിലപാട്. നിലവില മാനദണ്ഡപ്രകാരം തൃശൂര്‍ പൂരം നടത്താനാകില്ലെന്ന് തിരുവമ്പാടി ദേവസ്വംപ്രതിനിധികളും പറഞ്ഞിരുന്നു.