ആനകളെ വെടിവെച്ച് കൊല്ലുമെന്ന ഡി.സി.സി പ്രസിഡന്റിന്റെ പ്രസ്താവന പ്രകോപനപരമെന്ന് വനംമന്ത്രി
|ഇടുക്കി ഡി.സി.സി പ്രസിഡന്റിന്റെ പ്രതികരണം പ്രകോപനപരവും നിയമ വാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ
ഇടുക്കി: ഭീതി പരത്തുന്ന ആനകളെ തുരത്തിയില്ലെങ്കിൽ വെടിവെച്ചു കൊല്ലുമെന്ന ഇടുക്കി ഡി.സി.സി പ്രസിഡന്റിന്റെ പ്രതികരണം പ്രകോപനപരവും നിയമ വാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. വനം കൊള്ളക്കാരുമായി ചങ്ങാത്തമുണ്ടെന്ന് പറയാതെ പറയുകയാണ് അദ്ദേഹം. കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
ഇടുക്കിയിലെ ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന കാട്ടാനകളെ പിടികൂടിയില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്നായിരുന്നു ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യുവിന്റെ പ്രസ്താവന. ആനകളുടെ നെറ്റിക്ക് വെടിവെക്കാനറിയാവുന്നവർ തമിഴ്നാട്ടിലും കർണാടകത്തിലുമുണ്ട്. നടപടികള്‍ ഉണ്ടായില്ലെങ്കിൽ ഇവരെ രംഗത്തിറക്കും. പ്രഖ്യാപനങ്ങൾ നടത്തുകയല്ല പ്രശ്നപരിഹാരമാണ് വേണ്ടതെന്നും പ്രതിഷേധം തുടരുമെന്നും സി.പി.മാത്യു വ്യക്തമാക്കിയിരുന്നു.
അതേസമയം ഇടുക്കിയിൽ കാട്ടാന ശല്യം രൂക്ഷമായ മേഖലകളിൽ ദ്രുതകർമ സേന നിരീക്ഷണം തുടങ്ങി. അപകടകാരികളായ ആനകളുടെ വിവര ശേഖരണമാണ് ആദ്യം നടത്തുക. തിങ്കളാഴ്ച ചേരുന്ന സംയുക്ത യോഗത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കും