മംഗലംഡാമിലെ കർഷകന്റെ മരണം വനം വിജിലൻസ് അന്വേഷിക്കും
|വനം വകുപ്പിന്റെ മാനസിക പീഡനമാണ് സജീവിന്റെ അത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.
പാലക്കാട്: മംഗലംഡാമിലെ കർഷകന്റെ ആത്മഹത്യ വനം വിജിലൻസ് അന്വേഷിക്കും. വനം വകുപ്പ് ചോദ്യം ചെയ്ത ഓടംതോട് സ്വദേശി സജീവിന്റെ ആത്മഹത്യയാണ് സംഘം അന്വേഷിക്കുക.
വിഷയത്തിൽ കെ.ഡി പ്രസേനൻ എംഎൽഎ വനംമന്ത്രി എ.കെ ശരീന്ദ്രനോട് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വനം വകുപ്പിന്റെ മാനസിക പീഡനമാണ് സജീവിന്റെ അത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.
സെപ്തംബർ 10 ഞായറാഴ്ചയാണ് സജീവനെ റബ്ബര്‍ത്തോട്ടത്തിലെ വീട്ടിലെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കവളുപാറയിലുള്ള സ്വന്തം തോട്ടത്തില്‍ റബ്ബര്‍ ടാപ്പിങ്ങിന് പോയതായിരുന്നു.
സാധാരണ ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരിച്ചെത്തുന്ന സജീവിനെ കാണാതായപ്പോള്‍ വീട്ടുകാര്‍ ഫോണ്‍ ചെയ്തെങ്കിലും എടുത്തില്ല. സഹോദരനും സുഹൃത്തുക്കളും നാലരയോടെ കവളുപാറയിലെ തോട്ടത്തിലെത്തിയപ്പോഴാണ് വീടിന്റെ മുന്‍ഭാഗത്തെ വരാന്തയില്‍ സജീവന്‍ കിടക്കുന്നതുകണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.