വ്യാജ സർട്ടിഫിക്കറ്റ് കേസ്; കെ.വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ഹാജരായി
|മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദ്യ കരിന്തളം കോളജിൽ അധ്യാപികയായെന്നാണ് കേസ്
കാസർകോട്: വ്യാജ എക്സ്പീരിയന്‍സ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കരിന്തളം സർക്കാർ കോളജിൽ ജോലി നേടിയെന്ന കേസിൽ എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ഹാജരായി.
കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ നേരിട്ട് ഹാജരാവാൻ പൊലീസ് നിർദേശം നൽകിയിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് വിദ്യ ഇ മെയിൽ വഴിയാണ് പൊലീസിനെ അറിയിച്ചത്.
മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദ്യ കരിന്തളം കോളജിൽ അധ്യാപികയായെന്നാണ് കേസ്. കരിന്തളം ഗവണ്മെന്റ് കോളേജിൻ്റെ പരാതിയിൽ ഈ മാസം എട്ടിനാണ് നീലേശ്വരം പൊലീസ് കേസ് എടുത്തത്. തുടർന്ന് പൊലീസ് കരിന്തളം ഗവണ്മെന്റ് കോളേജിൽ പരിശോധന നടത്തി. പ്രിൻസിപ്പല്‍ ഇൻ ചാർജിൻ്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദ്യയെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
വ്യാജ സർട്ടിഫിക്കറ്റ് സ്വന്തം ഫോണിൽ നിന്നാണ് നിർമ്മിച്ചതെന്ന് വിദ്യ സമ്മതിച്ചതായി അഗളി പൊലീസ് കഴിഞ്ഞദിവസം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വ്യാജ സർട്ടിഫിക്കറ്റിന്റെ അസൽ അട്ടപ്പാടി ചുരത്തിൽ കീറി കളഞ്ഞെന്നും റിപ്പോർട്ടിലുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾ നീലേശ്വരം പൊലീസ് പരിശോധിച്ചുവരികയാണ്.