Kerala
സുധാകരന് സുരക്ഷയൊരുക്കാൻ ബോംബുമായി ഏറുമാടത്തിൽ കാവലിരുന്നവനാണ് ഞാൻ: മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു
Kerala

സുധാകരന് സുരക്ഷയൊരുക്കാൻ ബോംബുമായി ഏറുമാടത്തിൽ കാവലിരുന്നവനാണ് ഞാൻ: മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു

Web Desk
|
2 Oct 2021 5:16 AM GMT

'കെ സുധാകരന്‍ ഞങ്ങളെ ക്രിമിനല്‍വല്‍ക്കരിച്ചു. 22 കേസുകളിലും മൂന്ന് കൊലക്കേസുകളിലും പ്രതിയാണ് ഞാന്‍'

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ചത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പരാതിക്കാരൻ പ്രശാന്ത് ബാബു. സുധാകരന്‍റെ മുന്‍ ഡ്രൈവര്‍ കൂടിയായ പ്രശാന്ത് ബാബു പറയുന്നതിങ്ങനെ-

"സുധാകരന്‍ 32 കോടിയുടെ അഴിമതി നടത്തിയതിന്‍റെ വ്യക്തമായ രേഖകള്‍ ഞാന്‍ ഹാജരാക്കിയിട്ടുണ്ട്. സുധാകരന്‍ എന്നെക്കുറിച്ച് പറഞ്ഞത് രാപ്പകല്‍ മദ്യപാനിയാണ്, അങ്ങനെയൊരാളെ വിശ്വാസത്തിലെടുക്കാമോ എന്നാണ്. വ്യക്തിഹത്യയാണത്. അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് ഫീല്‍ഡ് ഓഫീസറായിട്ട് വിരമിച്ചയാളാണ് ഞാന്‍. എനിക്ക് എന്‍റെ മക്കളും കുടുംബവുമുണ്ട്. സമൂഹത്തില്‍ വിലയുണ്ട്. സുധാകരന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ഞാന്‍ നിയമ നടപടികളിലേക്ക് പോകും.

ജവഹര്‍ ബാലവേദിയിലൂടെ കോണ്‍ഗ്രസിലേക്ക് വന്ന പ്രവര്‍ത്തകനാണ് ഞാന്‍. സുധാകരന്‍ 87ല്‍ എന്‍റെ പ്രസ്ഥാനത്തിലേക്ക് കടന്നുവരുമ്പോള്‍ ശുഭപ്രതീക്ഷയോടെയാണ് ഞങ്ങള്‍ വരവേറ്റത്. പക്ഷേ അദ്ദേഹം ഞങ്ങളെ ക്രിമിനല്‍വല്‍ക്കരിച്ചു. 22 കേസുകളിലും മൂന്ന് കൊലക്കേസുകളിലും പ്രതിയാണ് ഞാന്‍. സുധാകരന് സുരക്ഷയൊരുക്കാൻ ബോംബുമായി ഏറുമാടത്തിൽ കാവലിരുന്നവനാണ് ഞാൻ. രണ്ട് കൊലക്കേസായപ്പോള്‍ ഞാന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനിന്നു. കോഴിക്കോട് എംപി എം കെ രാഘവനാണ് എന്നെ തിരിച്ചു രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവന്നു നഗരസഭാ പ്രതിനിധിയാക്കുന്നത്. അന്ന് മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായി 175 കോടിയുടെ അഴിമതി നടത്താന്‍ സുധാകരന്‍ പ്രേരിപ്പിച്ചു".

സുധാകരനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്

സാമ്പത്തിക ക്രമക്കേട് പരാതിയിൽ കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്. കെ സുധാകരനെതിരെ ലഭിച്ച പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയാണ് വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. പ്രാഥമിക അന്വേഷണത്തിൽ തെളിവ് ശേഖരണത്തിന് തടസ്സങ്ങൾ ഉള്ളതിനാൽ വിശദമായ അന്വേഷണം വേണമെന്ന ശിപാർശയാണ് റിപ്പോർട്ടിലുള്ളത്. എംപി ആയതിനാൽ കേസെടുത്ത് അന്വേഷണത്തിന് നിയമതടസ്സം ഉണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശവും തേടിയിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മരണാർത്ഥം രൂപീകരിച്ച ട്രസ്റ്റിന്റെ പേരിലുള്ള പണപ്പിരിവില്‍ നിന്നടക്കം 32 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് പ്രശാന്തിന്റെ പരാതി. കരുണാകരൻ പഠിച്ച ചിറക്കൽ രാജാസ് ഹൈസ്‌കൂളും 5 ഏക്കർ സ്ഥലവും വാങ്ങാനും അന്താരാഷ്ട്ര നിലവാരമുള്ള എഡ്യുക്കേഷണൽ ഹബ്ബാക്കി മാറ്റാനുമായിരുന്നു ഇത്. എന്നാൽ കരാർ ലംഘിച്ച് സുധാകരനും രണ്ട് സുഹൃത്തുക്കളും ചേർന്ന് കണ്ണൂർ എജ്യു പാർക്ക് എന്ന കമ്പനിയുടെ പേരിലേക്ക് തുക വകമാറ്റാൻ ശ്രമിച്ചു, കണ്ണൂർ ഡിസിസി ഓഫീസ് നിർമ്മാണത്തിന് പിരിച്ച കോടികൾ വകമാറ്റി ചെലവഴിച്ചു, ബിനാമി ബിസിനസ്സുകളടക്കം നടത്തി കെ സുധാകരൻ അനധികൃത സ്വത്ത് സമ്പാദനം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് പ്രശാന്ത് ബാബു ഉന്നയിച്ചത്.

Related Tags :
Similar Posts