Kerala
ജമാഅത്തെ ഇസ്‍ലാമി മുൻ കേരള അമീർ ടി.കെ അബ്ദുല്ല അന്തരിച്ചു
Kerala

ജമാഅത്തെ ഇസ്‍ലാമി മുൻ കേരള അമീർ ടി.കെ അബ്ദുല്ല അന്തരിച്ചു

Web Desk
|
15 Oct 2021 10:48 AM GMT

നിലവിൽ ജമാഅത്തെ ഇസ്‌ലാമി ദേശീയ കൂടിയാലോചനാ സമിതി അംഗമാണ്

ജമാഅത്തെ ഇസ്‌ലാമി മുൻ കേരള അമീറും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ ടി.കെ അബ്ദുല്ല അന്തരിച്ചു. 94 വയസായിരുന്നു. നിലവിൽ ജമാഅത്തെ ഇസ്‌ലാമി ദേശീയ കൂടിയാലോചനാ സമിതി അംഗമാണ്.

കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയിൽ പ്രശസ്ത മതപണ്ഡിതനായിരുന്ന തറക്കണ്ടി അബ്ദുർറഹ്‌മാൻ മുസ്‍ലിയാരുടെയും ഫാത്വിമയുടെയും മകനായി 1929ലാണ് ജനനം. വാഴക്കാട് ദാറുൽ ഉലൂം, തിരൂരങ്ങാടി ജുമാ മസ്ജിദ്, പുളിക്കൽ മദീനത്തുൽ ഉലൂം, കാസർകോട് ആലിയ അറബിക് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1959ൽ ജമാഅത്തെ ഇസ്‌ലാമിയിൽ അംഗമായി. 1964ൽ പ്രബോധനം വാരികയും മാസികയുമായി പുറത്തിറങ്ങിയപ്പോൾ പ്രഥമ പത്രാധിപരായി ചുമതലയേറ്റു. ഇടക്കാലത്ത് പ്രസാധനം മുടങ്ങിയ പ്രബോധനം 1994ൽ പുനരാരംഭിച്ചപ്പോൾ ചീഫ് എഡിറ്ററായി. അടിയന്തരാവസ്ഥയില്‍ ജയില്‍വാസമനുഭവിച്ചിട്ടുണ്ട്.

ഇസ്‌ലാമിക ചിന്തകൻ, വാഗ്മി എന്ന നിലയിലെല്ലാം അറിയപ്പെടുന്ന ടികെ അബ്ദുല്ല ആൾ ഇന്ത്യാ മുസ്‍ലിം പേഴ്സണൽ ലോ ബോർഡിന്റെ സ്ഥാപകാംഗമണ്. ഐ.പി.എച്ച് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്ററാണ്. 1972-1979, 1982-1984 കാലയളവുകളിൽ ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അമീറായി. ജമാഅത്തെ ഇസ്‍ലാമിയുടെ തുടക്കം മുതൽ ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗവും 1972 മുതൽ കേന്ദ്ര കൂടിയാലോചനാ സമിതിയംഗവുമാണ്. ഇത്തിഹാദുൽ ഉലമാ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ്.

1995 അവസാനത്തില്‍ കെ.സി അബ്ദുല്ല മൗലവിയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രബോധനം വിട്ട് ബോധനം ത്രൈമാസികയുടെ മുഖ്യപത്രാധിപരായി. കേരള മജ്ലിസുത്തഅ്‍ലീമില്‍ ഇസ്‍ലാമിയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുറ്റ്യാടി ഇസ്‌ലാമിയ കോളേജ് ട്രസ്റ്റ് ചെയര്‍മാനും ഐ.പി.ടി, അല്‍ മദീന ചാരിറ്റബിള്‍ ട്രസ്റ്റ്, ദല്‍ഹി ദഅ്വ ട്രസ്റ്റ്, അലിഗഡ് ഇദാറെ തഹ്കീകാതെ ഇസ്‌ലാമി, ഐ.പി.എച്ച് ഉപദേശക സമിതി എന്നിവയില്‍ അംഗവുമാണ്.

മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ ഉറുദു പരിഭാഷയുടെ ആദ്യഭാഗം ടി. ഇസ്ഹാഖ് അലി മൗലവിക്കൊപ്പം വിവര്‍ത്തനം ചെയ്തു. 'നടന്നു തീരാത്ത വഴികളില്‍' എന്ന പേരില്‍ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവോത്ഥാന ധര്‍മ്മങ്ങള്‍(ലേഖന സമാഹാരം), നാഴികക്കല്ലുകള്‍(പ്രഭാഷണ സമാഹാരം), ഇഖ്ബാലിനെ കണ്ടെത്തല്‍(പ്രഭാഷണ സമാഹാരം).

കുഞ്ഞാമിനയാണ് ഭാര്യ. മക്കള്‍: ടി.കെ.എം ഇഖ്ബാല്‍, ടി.കെ ഫാറൂഖ്, സാജിദ.

Similar Posts