നോവോർമയായി നവീൻ; കണ്ണീരോടെ വിടനൽകി നാട്
|മന്ത്രിമാരും മറ്റു ജനപ്രതിനിധികളും സഹപ്രവർത്തകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ ആദരാഞ്ജലിയർപ്പിച്ചു
പത്തനംതിട്ട: പരസ്യമായ അഴിമതി ആരോപണം നേരിട്ട് ജീവനൊടുക്കിയ കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന് ജന്മനാട് വിടനൽകി. മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നവീന്റെ മൃതദേഹം സംസ്കരിച്ചു. പത്തനംതിട്ട കലക്ടറേറ്റിലെ പൊതുദർശനം അതിവൈകാരിക രംഗങ്ങൾക്കാണ് സാക്ഷിയായത്. മന്ത്രിമാരും മറ്റു ജനപ്രതിനിധികളും സഹപ്രവർത്തകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ ആദരാഞ്ജലിയർപ്പിച്ചു.
മന്ത്രിമാരായ കെ. രാജൻ, വീണാ ജോര്‍ജ്, കെ.യു ജനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്ത്യകർമചടങ്ങുകൾ നടന്നത്. നവീൻ ബാബുവിന്റെ മക്കളായ നിരുപമയും നിരഞ്ജനയുമാണ് ചിതയ്ക്കു തീകൊളുത്തിയത്.
രാവിലെ 9.45നാണ് പത്തനംതിട്ട കലക്ടറേറ്റിൽ പൊതുദർശനം ആരംഭിച്ചത്. മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും സഹപ്രവർത്തകരുമെല്ലാം അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. നാട്ടുകാർ ഉൾപ്പെടെ നൂറുകണക്കിനു പേരും നവീൻ ബാബുവിനെ അവസാനമായി ഒരു നോക്കുകാണാനായി എത്തിയിരുന്നു.
രാവിലെ 11.15ഓടെ മലയാലപ്പുഴയിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. തുടർന്ന് ഇവിടെയും പൊതുദർശനത്തിനു സൗകര്യമൊരുക്കി. തുടർന്ന് വൈകീട്ട് മൂന്നു മണിയോടെയാണ് അന്ത്യകർമങ്ങൾ ആരംഭിച്ചത്.
Summary: Former Kannur ADM Naveen Babu funeral live updates