കരസേനയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുൻ സൈനികൻ പിടിയിൽ
|സൈന്യത്തിൽ ജോലി നൽകാം എന്ന് വാഗ്ദാനം ചെയ്ത് അഞ്ച് മുതൽ ഏഴ് ലക്ഷം രൂപ വരെ പലരിൽ നിന്ന് വാങ്ങിയതായാണ് പരാതി. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെയാണ് പണം നഷ്ടപ്പെട്ടവർ പരാതിയുമായി എത്തിയത്.
കരസേനയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുൻ സൈനികൻ പാലക്കാട് പിടിയിൽ. പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നായി 60 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ആലത്തൂർ ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബിനീഷ് പിടിയിലായത്. മദ്രാസ് റെജിമെന്റിൽ 10 വർഷം സൈനിക സേവനമനുഷ്ഠിച്ചയാളാണ് ബിനീഷ്. സ്വഭാവ ദൂഷ്യം കാരണം സൈന്യത്തിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. സൈനികനായുള്ള പ്രവർത്തിപരിചയം മുതലെടുത്താണ് ബിനീഷ് സാധാരണക്കാരെ പറ്റിച്ചത്. സൈന്യത്തിൽ ജോലി നൽകാം എന്ന് വാഗ്ദാനം ചെയ്ത് അഞ്ച് മുതൽ ഏഴ് ലക്ഷം രൂപ വരെ പലരിൽ നിന്ന് വാങ്ങിയതായാണ് പരാതി. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെയാണ് പണം നഷ്ടപ്പെട്ടവർ പരാതിയുമായി എത്തിയത്.
തട്ടിയെടുത്ത പണം ആർഭാട ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിച്ചത്. കൂടുതൽ പേർ ഇയാളുടെ കെണിയിൽ വീണിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Summary: former soldier arrested for extorting money by offering a job in the army