Kerala
Former student shot in Thrissur school under custody
Kerala

തൃശൂർ സ്‌കൂളിൽ കയറി വെടിവച്ച് പൂർവ വിദ്യാർഥി; ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് രണ്ട് അധ്യാപകരുടെ പേര് ചോദിച്ച്

Web Desk
|
21 Nov 2023 7:09 AM GMT

സ്റ്റാഫ് റൂമിലെത്തിയ പ്രതി അവിടെ കുറച്ചുനേരം നടന്ന ശേഷം കസേരയിലിരിക്കുകയും ബാഗിൽ നിന്ന് എയർ ഗൺ കൈയിലെടുക്കുകയും ചെയ്തു.

തൃശൂർ: സ്‌കൂളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവച്ച് പൂർവവിദ്യാർഥി. ഇന്ന് രാവിലെ തൃശൂർ വിവേകോദയം സ്‌കൂളിലാണ് സംഭവം. പൂർവ വിദ്യാർഥി മുളയം സ്വദേശി ടി.ജെ ജഗനാണ് എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തത്. മൂന്ന് തവണയാണ് ഇയാൾ വെടിയുതിർത്തത്. രണ്ട് അധ്യാപകരുടെ പേര് ചോദിച്ചായിരുന്നു ഭീഷണിയും വെടിവെപ്പും.

ആദ്യം സ്റ്റാഫ് റൂമിലേക്ക് അപ്രതീക്ഷിതമായി ഓടിക്കയറി എത്തിയ പ്രതി സ്‌കൂൾ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അധ്യാപകർക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ്‌തെന്ന് അധ്യാപകർ പറഞ്ഞു.

സാധാരണ പൂർവവിദ്യാർഥികൾ സ്‌കൂളിലേക്ക് എത്താറുള്ളതുപോലെ ജഗനും എത്തിയതാണെന്നാണ് ആദ്യം കരുതിയത്. തുടർന്ന് സ്റ്റാഫ് റൂമിലെത്തിയ പ്രതി അവിടെ കുറച്ചുനേരം നടന്ന ശേഷം കസേരയിലിരിക്കുകയും ബാഗിൽ നിന്ന് എയർ ഗൺ കൈയിലെടുക്കുകയും ചെയ്തു.

തുടർന്ന് രണ്ട് അധ്യാപകരുടെ പേര് ചോദിച്ച് ഭീഷണി തുടങ്ങുകയുമായിരുന്നെന്ന് അധ്യാപകർ വ്യക്തമാക്കി. ശാന്തനാക്കാൻ നോക്കിയെങ്കിലും ക്ലാസ് റൂമിലേക്ക് ഇരച്ചുകയറി കുട്ടികളെയും അവിടെയുണ്ടായിരുന്ന അധ്യാപകരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് മൂന്നു തവണ വെടിയുതിർത്തെന്നും അധ്യാപകർ അറിയിച്ചു.

ഭീഷണി മുഴക്കിയപ്പോൾ തന്നെ അധ്യാപകർ പൊലീസിനെ വിളിച്ചിരുന്നു. അവരെത്തുംമുമ്പ് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് ജഗൻ ഇറങ്ങിയോടാൻ ശ്രമിക്കവെ അധ്യാപകർ പിടിച്ചുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. അധ്യാപകരോടുള്ള പൂർവവൈരാഗ്യമാണ് വെടിവപ്പിന് കാരണമെന്നാണ് നിഗമനം.

Similar Posts