Kerala
എഡിഎമ്മിനെ മരണത്തിലേക്ക് തളളിവിട്ട അധികാര രാഷ്ട്രീയത്തിന്റെ മറ്റൊരു ഇരയാണ് ഞാൻ; സിപിഎമ്മിനെതിരെ മുൻ തൃക്കാക്കര ഏരിയാ കമ്മിറ്റി അംഗം
Kerala

'എഡിഎമ്മിനെ മരണത്തിലേക്ക് തളളിവിട്ട അധികാര രാഷ്ട്രീയത്തിന്റെ മറ്റൊരു ഇരയാണ് ഞാൻ'; സിപിഎമ്മിനെതിരെ മുൻ തൃക്കാക്കര ഏരിയാ കമ്മിറ്റി അംഗം

Web Desk
|
16 Oct 2024 4:03 PM GMT

എറണാകുളം പൂണിത്തുറയിലെ സിപിഎം നടപടിയിലൂടെ പുറത്താക്കപ്പെട്ട വി.പി ചന്ദ്രൻറെ ഫേസ്ബുക്ക് കുറിപ്പാണ് ചർച്ചയാകുന്നത്

കൊച്ചി: എറണാകുളം പൂണിത്തുറയിലെ സിപിഎം നടപടിയിൽ പുറത്തായ മുൻ തൃക്കാക്കര ഏരിയ കമ്മിറ്റി അംഗം നേതൃത്വത്തിനെതിരെ രം​ഗത്ത്. സിപിഎം നേതൃത്വത്തിനെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി.പി ചന്ദ്രൻ രം​ഗത്തുവന്നിരിക്കുന്നത്.

എഡിഎമ്മിനെ മരണത്തിലേക്ക് തളളിവിട്ട അധികാര രാഷ്ട്രീയത്തിന്റെയും അഹന്തയുടെയും മറ്റൊരു ഇരയാണ് താനെന്നാണ് ചന്ദ്രൻ തന്റെ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താൻ അപമാനിതനായതെന്നും ആത്മഹത്യ ചെയ്യാതിരിക്കാൻ പ്രത്യേക കരുത്തുവേണമെന്നും എഴുതിയ ചന്ദ്രൻ അത്തരമൊരു കരുത്തിന്റെ ബലത്തിലാണ് മുന്നോട്ട് പോകുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ചന്ദ്രനെതിരെ വയനാട് ദുരിതാശ്വാസനിധിയിലേക്ക് പിരിച്ച തുക തിരിച്ചടച്ചില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. പൂണിത്തുറയിലെ കൂട്ടത്തല്ലിനു പിന്നാലെയാണ് സിപിഎം നടപടി സ്വീകരിച്ചത്. പൂണിത്തുറയിൽ വിമത പക്ഷത്തിനൊപ്പം നിന്നയാളായാണ് ചന്ദ്രൻ.

വി.പി ചന്ദ്രൻറെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ഇത് ഒരു അത്മഹത്യാക്കുറിപ്പല്ല,

സത്യം എന്താണെന്ന് വ്യക്തമാക്കാനുള്ള കുറിപ്പുമാത്രമാണ്.

സുഹൃത്തുക്കളേ,

സി പി എം തൃക്കാക്കര ഏരിയാ കമ്മിറ്റി അംഗമായിരുന്ന എന്നെ പാര്‍ട്ടിയില്‍ നിന്നും നട്ടാല്‍ മുളക്കാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പുറത്താക്കിയ സംഭവം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ഒരാളെ ഇല്ലായ്മ ചെയ്യാന്‍ എന്തെല്ലാം കള്ളക്കഥകള്‍ മെനയുമെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമായാണ് ഞാന്‍ ഈ സംഭവത്തെ കാണുന്നത്. അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരിലാണ് ഞാന്‍ അടക്കമുള്ള പൂണിത്തുറയിലെ ആദര്‍ശധീരരായ പാര്‍ട്ടി സഖാക്കളെ തീര്‍ത്തും കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

പാര്‍ട്ടിയാണ് എല്ലാമെന്നും, ഉച്ഛ്വാസ വായുവില്‍പോലും പാര്‍ട്ടിയുണ്ടെന്ന് ചിന്തിച്ചിരുന്ന ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു ഞാന്‍. എന്നാല്‍ ചിലരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി നേതൃത്വം ഏകപക്ഷീയമായി ഞാനടക്കമുള്ള സഖാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നത്. അന്നുതൊട്ട് ഈ മണിക്കൂറുവരെ ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഈ കുറിപ്പ് പങ്കുവെക്കുന്നത്.

ഞാന്‍ ഒരു ഭിരുവല്ല, ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ 45 വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തും, കരുത്തുമുണ്ട്. ഈ കഴിഞ്ഞ ദിവസങ്ങളിലായി ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസിക സംഘര്‍ഷം പങ്കുവെക്കുവാന്‍ മാത്രമാണിക്കുറിപ്പ്. ഇന്ന് നാടിന്റെ വിങ്ങലായിമാറിക്കഴിഞ്ഞ എ ഡി എം നവിന്‍ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ട അധികാര രാഷ്ട്രീയത്തിന്റെയും അഹന്തയുടേയും മറ്റൊരു ഇരയാണ് ഞാന്‍.

നവീന്‍ ബാബു എന്ന ഒരു മനുഷ്യന്‍ അനുഭവിച്ച മനസിക സംഘര്‍ഷത്തിന്റെ ആഴം എത്രയായിരുന്നുവെന്ന് എനിക്ക് ഇപ്പോള്‍ നന്നായി മനസ്സിലാകും. ചെയ്യാത്ത തെറ്റിന്റെ പേരില്‍ അപമാനിക്കപ്പെടുമ്പോള്‍ എതൊരു മനുഷ്യനും പെട്ടെന്ന് തോന്നുന്ന മാനസ്സികാവസ്ഥ ആത്മഹത്യയിക്ക് നയിക്കും.

രാഷ്ടിയ, വ്യക്തി താല്‍പ്പര്യത്തിന്റെ പേരില്‍ ചിലതല്പരകക്ഷികളുടെ വ്യക്തി വൈരിനിരാതന നീക്കത്തിന്റെ പേരില്‍ എന്റെ പേരില്‍ അടിച്ചേല്‍പ്പിച്ച ആരോപണം ഞാന്‍ ജിവന് തുല്ല്യം സ്‌നേഹിച്ച ഒരു പ്രസ്ഥാനത്തിന്റെ ചില പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നാകുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണിവേദന.

ചെയ്യാത്ത തെറ്റിന്റെ പേരില്‍ അപമാനിതനാകുമ്പോള്‍, മാധ്യമങ്ങളിലൂടെ നിരന്തരമായി അസത്യങ്ങള്‍ പ്രചരിപ്പിച്ചപ്പോള്‍ , തെരുവില്‍ അത്മഭിമാനം ചോദ്യം ചെയ്യപ്പെടുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ആത്മഹത്യ ചെയ്യാതിരിക്കാന്‍ പ്രത്യേക കരുത്തു വേണം. അത്തരമൊരു കരുത്തിന്റെ പിന്‍ബലത്തിലാണ് ഞാനിപ്പോള്‍ മുന്നോട്ടേക്ക് പോവുന്നത്.

ഞാന്‍ അനുഭവിച്ച മാനസ്സിക സംഘര്‍ഷത്തില്‍, എന്നെ മനസിലാക്കി, ഒപ്പം ചേര്‍ത്തു നിര്‍ത്തി അശ്വസിപ്പിച്ച ഒരുപാട് പേരുണ്ട്. അതില്‍ സി പി എം നേതാക്കാരുണ്ട്. നമ്മള്‍ രാഷ്ട്രീയ എതിരാളികള്‍ എന്നു കരുതിയിരുന്ന് രാഷ്ട്രിയ നേതാക്കളുണ്ട്. എന്റെ നിരപരാധിത്വം വ്യക്തമായി അറിയാവുന്ന എന്നെ സ്വന്തം സഹോദരനെപ്പോലെ സ്‌നേഹിക്കുന്ന എന്റെ നാട്ടുകാര്‍, സുഖത്തിലും ദുഖത്തിലും ഒപ്പം നില്‍ക്കുന്ന സുഹൃത്തുക്കള്‍, എന്റെ കുടുംബം അവര്‍ പകര്‍ന്നു തന്ന കരുത്ത് ആത്മ ധൈര്യം എത്ര നന്ദി പറഞ്ഞാലും തീരാത്തതാണ്. എന്റെ ശരികളെ ബോധ്യപ്പെടുത്താനാണ് എന്നും ശ്രമിച്ചിട്ടുള്ളത്.

പാര്‍ട്ടിയില്‍ പ്രത്യേകിച്ച് ഒരു അജണ്ടയുമില്ലാതേയാണ് ഞാന്‍ എക്കാലവും പ്രവര്‍ത്തിച്ചിരുന്നത്. വ്യക്തിപരമായി ഒരു നേട്ടത്തിനുവേണ്ടിയും പാര്‍ട്ടിയെ ഉപയോഗപ്പെടുത്തിയിട്ടില്ല. ജീവിതത്തിന്റെ വലിയൊരു ഭാഗം പൊതുപ്രവര്‍ത്തനത്തിനായാണ് മാറ്റിവച്ചിരുന്നത്. ഒരിക്കലും തെറ്റായ ഒരു വഴിയും സ്വീകരിച്ചിട്ടില്ല, അതിനാല്‍ ആരുടെ മുന്നിലും തലകുനിക്കേണ്ടതായും വന്നിട്ടില്ല. നാലുപതിറ്റാണ്ടിലേറെക്കാലം പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി നിന്ന എനിക്ക് പൊതുജനങ്ങളോടാണ് എ്ന്നും കൂറും കടപ്പാടും. ആരെങ്കിലും ഒരു ദിവസം അവരുടെ താല്പര്യം സംരക്ഷിക്കാനായി കൊള്ളരുതായ്മയ്ക്ക് കൂട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അവരോട് ആ വഴിയല്ല എന്റേത് എന്നു പറയാനുള്ള ചങ്കൂറ്റം എന്നും ഞാന്‍ സൂക്ഷിക്കുന്നുണ്ട്. ഇന്നല്ലെങ്കില്‍ നാളെ പാര്‍ട്ടി നേതൃത്വത്തിന് സത്യം ബോധ്യപ്പെടുമെന്നു തന്നെയാണ് എന്റെ വിശ്വാസം.

രക്തസാക്ഷി ആകേണ്ടിവന്നാലും നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നാണ് എന്റെ ഉറച്ച നിലപാട്.

വി.പി. ചന്ദ്രന്‍

പൂണിത്തുറ

Similar Posts