കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മുഖ്യ പ്രതികൾ കസ്റ്റഡിയിൽ
|ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ മാനേജർ ബിജു കരീം, ഇടനിലക്കാരൻ ബിജോയ്, അക്കൗണ്ടന്റ് ജിൽസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യപ്രതികൾ പൊലീസ് കസ്റ്റഡിയിൽ. ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ മാനേജർ ബിജു കരീം, ഇടനിലക്കാരൻ ബിജോയ്, അക്കൗണ്ടന്റ് ജിൽസ് എന്നിവരാണ് പിടിയിലായത്.
അയന്തോളിയിലെ ഫ്ളാറ്റിൽനിന്നാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം അയ്യന്തോളിലെ ഒരു സൂപ്പർമാർക്കറ്റിൽ പ്രതികൾ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പ്രതികളുടെ വീട്ടിൽ രാവിലെ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ഇരിങ്ങാലക്കുട, പൊറത്തിശേരി, കൊരുമ്പിശേരി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ബിജോയിയുടെ വീട്ടിൽനിന്ന് ആധാരം അടക്കമുള്ള രേഖകൾ കണ്ടെടുത്തു. പല ആളുകളുടെ പേരിലുള്ള ആധാരങ്ങളാണ് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതായും സൂചനയുണ്ട്.
100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂർ ബാങ്കിലെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാർ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നു മനസിലാക്കിയാണ് ഭരണസമിതി ജില്ലാ രജിസ്ട്രാർ പിരിച്ചുവിട്ടത്. മുകുന്ദപുരം അസിസ്റ്റന്റ് റജിസ്ട്രാർ (ജനറൽ) എംസി അജിത്തിനെ കരുവന്നൂർ ബാങ്ക് അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.