Kerala
ലോക്സഭാ തെ​രഞ്ഞെടുപ്പിൽ സി.പി.എം അങ്കത്തിനിറക്കുന്നത് നാല് എം.എൽ.എമാർ
Kerala

ലോക്സഭാ തെ​രഞ്ഞെടുപ്പിൽ സി.പി.എം അങ്കത്തിനിറക്കുന്നത് നാല് എം.എൽ.എമാർ

Web Desk
|
27 Feb 2024 12:59 PM GMT

കഴിഞ്ഞ തവണയും നാല് എം.എൽ.എമാരെ സി.പി.എം മത്സരിപ്പിച്ചിരുന്നു

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഗോദയിൽ ഇക്കുറിയും സി.പി.എം മത്സരിപ്പിക്കാനിറക്കുന്നത് നാല് സിറ്റിങ്ങ് എം.എൽ.എമാരെ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രഖ്യാപിച്ച 15 സ്ഥാനാർഥികളിലാണ് നാല് ജനപ്രതിനിധികൾ ഇടം പിടിച്ചത്. കഴിഞ്ഞ തവണയും നാല് എം.എൽ.എമാരെ സി.പി.എം മത്സരിപ്പിച്ചിരുന്നു. മത്സരിക്കുന്ന എം.എൽ.എമാർ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജയിച്ചാൽ നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കും.

വി.ജോയ്, എം. മുകേഷ്, കെ.രാധാകൃഷ്ണൻ, ​കെ.കെ ശൈലജ എന്നിവരാണ് മത്സരിക്കുന്ന എം.എൽ.എമാർ. ആറ്റിങ്ങൽ മണ്ഡലത്തിൽ മത്സരിക്കുന്ന വി.ജോയ് നിലവിൽ വർക്കല മണ്ഡലത്തെയാണ് നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. തിരുവനന്തപുരം ജില്ലാ സെക്രട്ടറികൂടിയാണ് ജോയ്.

കൊല്ലം എം.എൽ.എയും നടനുമായ എം.മുകേഷാണ് മത്സരിക്കുന്ന മറ്റൊരു എം.എൽ.എ. 2016 മുതൽ തുടർച്ചയായി രണ്ട് തവണ കൊല്ലം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട്.

ആലത്തൂരിൽ മത്സരിക്കുന്ന കെ.രാധാകൃഷ്നാണ് മറ്റൊരു എം.എൽ.എ. സംസ്ഥാന മന്ത്രിയകൂടിയായ അദ്ദേഹം ചേലക്കര മണ്ഡലത്തിൽ നിന്നാണ് ​​നിയമസഭയിലെത്തിയത്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റും മുൻ മന്ത്രിയുമായ കെ.കെ ശൈലജനിലവിൽ മട്ടന്നൂർ എം.എൽ.എയാണ്.

കഴിഞ്ഞ തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒമ്പത് എം.എൽ.എരെയാണ് ഇരുമുന്നണികളും മത്സരിക്കാനിറക്കിയത്. സി.പി.എമ്മിൽ നിന്ന് നാല് പേരും,സി.പി.ഐയുടെ രണ്ട് പേർ,കോൺഗ്രസിൽ നിന്ന് മൂന്ന് ​പേരുമാണ് മത്സരിക്കാനിറങ്ങിയത്.

കോഴിക്കോട് നോർത്ത് എം.എൽ.എ പ്രദീപ് കുമാർ, ആറന്മുള എം.എൽ.എ വീണ ജോർജ്, അരൂർ എം.എൽ.എ ആരിഫ്, നിലമ്പൂർ എം.എൽ.എ പി.വി അൻവർ എന്നിവരാണ് സി.പി.എം പട്ടികയിൽ ഇടം പിടിച്ചത്.

നെടുമങ്ങാട് എം.എൽ.എ സി. ദിവാകരനെയാണ് തിരുവനന്തപുരത്ത് മത്സരിക്കാൻ സി.പി.ഐ ഇറക്കിയത്. അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാറിനെയാണ് മാവേലിക്കരയിൽ സി.പി.ഐ മത്സരിപ്പിച്ചത്.

കോൺഗ്രസ് എറണാകുളത്ത് ഹൈബി ഈഡനെയും ആറ്റിങ്ങലിൽ അടൂർ പ്രകാശിനെയും വടകരയിൽ വട്ടിയൂർകാവ് എം.എൽ.എ കെ.മുരളീധരനെയുമാണ് മത്സരിക്കാനിറക്കിയത്.

സി.പി.എമ്മിന്റെ ലോക്സഭാ സ്ഥാനാർഥികളെല്ലാം ഇക്കുറി പാർട്ടി ചിഹ്നത്തിലായിരിക്കും മത്സരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പാലക്കാടും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.എം തോമസ് ഐസക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോടും കെ.കെ ശൈലജ വടകരയിലും കെ.രാധാകൃഷ്ണൻ ആലത്തൂരിലും മത്സരിക്കും.

സംസ്ഥാന കമ്മിറ്റിഅംഗങ്ങളും ജില്ലാ സെക്രട്ടറിമാരുമായ എം.വി ജയരാജൻ, വി. ജോയി, എം.വി ബാലകൃഷ്ണൻ എന്നിവർ കണ്ണൂർ,ആറ്റിങ്ങൽ, കാസർകോഡ് എന്നിവിടങ്ങളിൽ മത്സരിക്കും. മുൻ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ചാലക്കുടിയിലും സിറ്റിങ് എം.പി എ.എം ആരിഫ് ആലപ്പുഴയിലും കൊല്ലം എം.എൽ.എയും നടനുമായ എം.മുകേഷ് കൊല്ലത്ത് നിന്നും മത്സരിക്കും.

മുൻ എം.പി ജോയ്സ് ജോർജാണ് ഇടുക്കിയിൽ. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് മലപ്പുറത്തും കെ.ജെ ഷൈൻ ടീച്ചർ എറണാകുളത്തും കെ.എസ് ഹംസ പൊന്നാനിയിലും മത്സരിക്കും.

സി.പി.എം സ്ഥാനാർഥികളും മണ്ഡലവും

ആറ്റിങ്ങൽ -വി ജോയ് , കൊല്ലം - എം മുകേഷ് , പത്തനംതിട്ട - ഡോ. ടി.എം തോമസ് ഐസക്, ആലപ്പുഴ- എ.എം ആരിഫ്,എറണാകുളം -കെ​.ജെ ഷൈൻ ടീച്ചർ, ഇടുക്കി- ജോയ്സ് ജോർജ്ജ്, ചാലക്കുടി - പ്രൊഫ.സി രവീന്ദ്രനാഥ്.

ആലത്തൂർ -കെ.രാധാകൃഷ്ണൻ, മലപ്പുറം - വി. വസീഫ് , പൊന്നാനി - കെ.എസ് ഹംസ, കോഴിക്കോട് -എളമരം കരീം, വടകര - കെ.കെ ശൈലജ, പാലക്കാട് -എ വിജയരാഘവൻ. കണ്ണൂർ - എം.വി ജയരാജൻ, കാസർകോട് - എം.വി ബാലകൃഷ്ണൻ എന്നിവരെയാണ് പ്രഖ്യാപിച്ചത്.

ബി.ജെ.പി യെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുകയാണ് ലക്ഷ്യമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. മൂന്നിടത്ത് താൽക്കാലിക സെക്രട്ടറിമാരെ എടുക്കും. തിരുവനന്തപുരം, കണ്ണൂർ കാസർഗോഡ് എന്നിവിടങ്ങളിലാണ് താൽക്കാലിക സെക്രട്ടറിമാരെ നിയമിക്കുക.

ഹംസ പൊന്നാനിക്ക് പറ്റിയ സ്ഥാനാർഥിയാണ് സമസ്തയുടെ ആളായിട്ടല്ല അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Similar Posts