Kerala
kochi water metro service
Kerala

നാല് പുതിയ ടെർമിനലുകൾ കൂടി; കൊച്ചി വാട്ടർ മെട്രോ സർവീസ് വ്യാപിപ്പിക്കുന്നു

Web Desk
|
12 March 2024 4:30 PM GMT

ടെർമിനലുകളുടെ ഉദ്ഘാടനം മാർച്ച് 14ന് മുഖ്യമന്ത്രി നിർവഹിക്കും

കൊച്ചി: കൊച്ചി വാട്ടർ മെട്രോ കൂടുതൽ മേഖലകളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നു. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും. മാർച്ച് 14ന് വൈകീട്ട് 5.30ന് ഏലൂർ വാട്ടർ മെട്രോ ടെർമിനലിലാണ് ചടങ്ങുകൾ.

നാല് ടെർമിനലുകൾ കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിക്കുക. ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽനിന്ന് ബോൾഗാട്ടി, മുളവുകാട് നോർത്ത് ടെർമിനലുകൾ വഴി സൌത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ ടെർമിനൽ വഴി ചേരാനെല്ലൂർ ടെർമിനൽ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ ഒമ്പത് ടെർമിനലുകളിലായി അഞ്ച് റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ വളരുകയാണ്.

സർവീസ് ആരംഭിച്ച് പത്ത് മാസം പിന്നിട്ടപ്പോൾ മൂന്ന് റൂട്ടുകളിൽ 17.5 ലക്ഷത്തിലധികം ആളുകളാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. പരിസ്ഥിതി സൗഹാർദപരമായി ഒരുക്കിയ കൊച്ചി വാട്ടർ മെട്രോ സംസ്ഥാനത്തെ സംബന്ധിച്ച് ചരിത്ര നേട്ടാമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. സർവീസ് ആരംഭിച്ച് ചുരുങ്ങിയ കാലയളവിൽ തന്നെ ലോകശ്രദ്ധ നേടാൻ കൊച്ചി വാട്ടർ മെട്രോക്ക് സാധിച്ചു. ഫോർട്ട് കൊച്ചി ടെർമിനലിൽനിന്നും അധികം വൈകാതെ തന്നെ സർവീസുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവിൽ ഹൈകോർട്ട് ജംഗ്ഷൻ-വൈപ്പിൻ- ബോൾഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടർ മെട്രോക്കായി സർവീസ് നടത്തുന്നത്. പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. കൊച്ചി വാട്ടർ മെട്രോ പദ്ധതി പൂർത്തിയാകുമ്പോൾ പത്ത് ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തും.

Related Tags :
Similar Posts