Kerala
MDMA Case_Malappuram
Kerala

എംഡിഎംഎ കേസിൽ ജയിലിൽ കിടന്നത് 90 ദിവസങ്ങൾ; പരിശോധനയിൽ ലഹരിയുടെ സാന്നിധ്യമില്ലെന്ന് കണ്ടെത്തൽ

Web Desk
|
4 May 2023 9:12 AM GMT

സുഗന്ധത്തിന് ഉപയോഗിക്കുന്ന പദാർത്ഥമാണെന്നാണ് തങ്ങളിൽ നിന്ന് പിടിച്ചതെന്നാണ് യുവാക്കളുടെ വാദം

മലപ്പുറം: മലപ്പുറത്ത് നാല് യുവാക്കൾ പ്രതികളായ എംഎഡിഎംഎ കേസിൽ വഴിത്തിരിവ്. പിടികൂടിയ വസ്തുവിൽ ലഹരിയുടെ സാന്നിധ്യമില്ലെന്നാണ് പൊലീസിന് ലഭിച്ച രാസപരിശോധനഫലം. സുഗന്ധത്തിന് ഉപയോഗിക്കുന്ന പദാർത്ഥമാണെന്നാണ് തങ്ങളിൽ നിന്ന് പിടിച്ചതെന്നാണ് യുവാക്കളുടെ വാദം. വിവാദമായതോടെ കൂടുതൽ പരിശോധനക്കായി പൊലീസ് വീണ്ടും തൊണ്ടിമുതൽ അയച്ചിരിക്കുകയാണ്.

2022 ഒക്ടോബർ 24 നാണ് നാല് യുവാക്കൾ മലപ്പുറം മേലാറ്റൂരിൽ വെച്ച് പൊലീസ് പിടിയിലാകുന്നത്. കാറിലിരിക്കവേ പൊലീസെത്തി പരിശോധന നടത്തുകയുംകാറിൽ സുഗന്ധത്തിനായി ഉപയോഗിക്കുന്ന വസ്തു എംഡിഎംഎ എന്ന സംശയത്തിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നും യുവാക്കൾ പറയുന്നു.

ലഹരിയല്ലെന്ന് യുവാക്കൾ വാദിച്ചെങ്കിലും, പൊലീസ് മുഖവിലക്കെടുത്തില്ലെന്നും, വ്യാജകേസിൽ 90 ദിവസത്തോളം ജയിൽവാസം അനുഭവിക്കേണ്ടി വന്നെന്നുമാണ്.യുവാക്കളുടെ ആരോപണം. ഇതോടെ തങ്ങളുടെ ജീവിതം തകർന്നെന്നും യുവാക്കൾ പറഞ്ഞു.

എന്നാൽ രാസപരിശോധന ഫലത്തിൽ ലഹരിയല്ലെന്ന കണ്ടെത്തലുണ്ടെങ്കിലും ഇനിയും പരിശോധന ആവശ്യമാണെന്നും വിശദപരിശോധനക്കായി യുവാക്കളിൽ നിന്ന് പിടിച്ച പദാർത്ഥം അയച്ചിട്ടുണ്ടെന്നുമാണ് പൊലീസ് വാദം.

Similar Posts