നാലുവർഷ ബിരുദം: മൂല്യനിർണയം പൂർണമായും ഓൺലൈനിൽ, പരീക്ഷാ പരിഷ്കരണവുമായി കേരള സർവകലാശാല
|എഴുത്തു പരീക്ഷ ഒഴികെ ബാക്കി എല്ലാ നടപടിക്രമങ്ങളും ഓൺലൈനിലേക്ക് മാറ്റും
തിരുവനന്തപുരം: നാലുവർഷ ബിരുദത്തിന്റെ ഭാഗമായി സമ്പൂർണ്ണ പരീക്ഷാ പരിഷ്കരണവുമായി കേരള സർവകലാശാല. എഴുത്തു പരീക്ഷ ഒഴികെ ബാക്കി എല്ലാ നടപടിക്രമങ്ങളും ഓൺലൈനിലേക്ക് മാറ്റും. പരീക്ഷ നടത്തി ഒരാഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്താനാണ് സർവ്വകലാശാല ലക്ഷ്യമിടുന്നത്
നാല് വർഷ ബിരുദം എന്ന തരത്തിലുള്ള ചർച്ചകൾ വന്നപ്പോൾ തന്നെ ഇത് നടത്താനുള്ള താൽപര്യം അറിയിച്ച് കേരള സർവകലാശാല മുന്നോട്ട് വന്നിരുന്നു. ഇപ്പോൾ പരീക്ഷാ നടത്തിപ്പും മൂല്യ നിർണ്ണയവും മൊത്തത്തിൽ പരിഷ്കരിക്കാൻ ഒരുങ്ങുകയാണ് സർവകലാശാല. പരീക്ഷ നടത്തിപ്പിൻ്റെ ചുമതല പൂർണമായും സർവകലാശാലയ്ക്ക് എന്ന രീതി മാറും. പകരം എട്ട് സെമസ്ററുകൾ ഉള്ള കോഴ്‌സിനെ രണ്ടായി വിഭജിച്ച് പരീക്ഷകൾ നടത്തും.
1,3,5,7 സെമസ്ററുകളിൽ പരീക്ഷകൾ കോളജുകൾക്ക് നേരിട്ട് ക്രമീകരിക്കാം. 2,4,6,8 സമസ്റ്ററുകളിൽപഴയതുപോലെ സർവകലാശാലയുടെ ഉത്തരവാദിത്തമാകും പരീക്ഷകൾ. നിലവിലുള്ളത് പോലെയുള്ള എഴുത്തു പരീക്ഷകൾ തന്നെ തുടരാനാണ് തീരുമാനം. പക്ഷേ മൂല്യനിർണയവും ക്രോഡീകരണവും അടക്കമുള്ള എല്ലാ ബാക്കി പ്രവർത്തനങ്ങളും ഓൺലൈനിലേക്ക് പറിച്ചു നടും.
മൂല്യനിർണ്ണയം സർവ്വകലാശാലയുടെ നേതൃത്വത്തിൽ തന്നെ മതി എന്നതാണ് നിലവിലെ തീരുമാനം. പരീക്ഷകൾ നടത്തി ഒരാഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്താനാകുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. ഇതിനുവേണ്ടി പരീക്ഷ വിഭാഗം പൂർണ്ണമായും പൊളിച്ച് പണിയാനാണ് തീരുമാനം. ആധുനിക സോഫ്റ്റ്‌വെയറുകളും സംവിധാനങ്ങളും പ്രയോജനപ്പെടുത്തും. 75 ലക്ഷം രൂപ പരീക്ഷ വിഭാഗത്തിന്റെ നവീകരണത്തിന് വേണ്ടി സർവകലാശാല ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്