നാലു വയസുകാരന്റെ മരണം; മാതാപിതാക്കളെ ഉടൻ ചോദ്യം ചെയ്യും
|പോസ്റ്റുമോർട്ടത്തിൽ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കളെ ചോദ്യം ചെയ്യും . പോസ്റ്റുമോർട്ടത്തിൽ കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.
കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ - സൂസന് ദമ്പതികളുടെ മകന് ഇഹാനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ വായിൽ നിന്ന് നുര പുറത്തു വന്ന നിലയിൽ ആയിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ആണ് കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായത്. ഈ സാഹചര്യത്തിലാണ് പൊലീസ് മാതാപിതാക്കളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. പോസ്റ്റ്മോർട്ടത്തിന്റെ പൂർണരൂപം റിപ്പോർട്ട് ലഭിച്ചാലുടൻ മാതാപിതാക്കളെ ചോദ്യം ചെയ്യും. സംഭവം നടക്കുമ്പോൾ അമ്മ മാത്രമാണ് ആണ് കുട്ടിയോടൊപ്പം വീട്ടിലുണ്ടായിരുന്നത്.
ഇവർ തന്നെയാണ് ഓട്ടോ ഡ്രൈവറായ റിജോയെ ഫോണില്‍ വിളിച്ച് കുട്ടിക്ക് അനക്കമില്ലന്നറിയിച്ചത്. ഈ ഓട്ടോ ഡ്രൈവറുടെയും മൊഴി രേഖപ്പെടുത്തും. നേരത്തെ കുഞ്ഞിന്റെ അമ്മക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നു ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു .