Kerala
Fr. Paul Telakat against Cardinal George Alencheri
Kerala

'തെറ്റായ സന്ദേശം നൽകരുത്': കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ ഫാദർ പോൾ തേലക്കാട്ട്

Web Desk
|
10 April 2023 9:30 AM GMT

ബിജെപി ഭരണത്തിൽ ക്രിസ്ത്യൻ സമൂഹം സുരക്ഷിതരാണെന്നായിരുന്നു ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന

ബിജെപി അനുകൂല രാഷ്ട്രീയ നിലപാടെടുത്ത സിറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഫാദർ പോൾ തേലക്കാട്ട്. പ്രത്യയശാസ്ത്രം തിരുത്താത്ത ബിജെപിയോട് അനുകൂല നിലപാട് സ്വീകരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും മതമേലധ്യക്ഷന്മാർ ഒരു രാഷ്ട്രീയ പാർട്ടിയെ പുകഴ്ത്താനോ ഇകഴ്ത്താനോ പാടില്ലെന്നും പോൾ തേലക്കാട്ട് മീഡിയ വണിനോട് പറഞ്ഞു.

ബിജെപി ഭരണത്തിൽ ക്രിസ്ത്യൻ സമൂഹം സുരക്ഷിതരാണെന്നായിരുന്നു ജോർജ് ആലഞ്ചേരിയുടെ പ്രസ്താവന. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങൾ അരക്ഷിതരാണെന്നും കേരളത്തിലെ സാഹചര്യം നോക്കി മാത്രം അത്തരത്തിൽ നിലപാട് എടുക്കുന്നത് ശരിയല്ലെന്നും പോൾ തേലക്കാട്ട് പറഞ്ഞു.

"ക്രൈസ്തവർ കേരളത്തിൽ അരക്ഷിതരല്ലാത്തതിന് കാരണം കേരളം ഒരു സെക്യുലർ സ്റ്റേറ്റ് ആണ് എന്നതാണ്. അതാര് ശ്രമിച്ചാലും അങ്ങനെയല്ലാതാകും എന്ന് തോന്നുന്നില്ല. കർണാടകയിൽ ക്രൈസ്തവരെ അടിച്ചോടിക്കണമെന്ന് മന്ത്രി തന്നെ ആഹ്വാനം ചെയ്തത് ഇക്കഴിഞ്ഞ ഇടയ്ക്കാണ്. അതൊക്കെ കേരളത്തിന് പുറത്ത് ഉത്തർപ്രദേശിലും ഗുജറാത്തിലുമൊക്കെ ധാരാളം നടക്കുന്നുമുണ്ട്. മതമേലധ്യക്ഷന്മാർ കക്ഷി രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കുന്നതാണ് ഉചിതം. ഒരു രാഷ്ട്രീയപ്പാർട്ടിയെയും പുകഴ്ത്താനോ ഇകഴ്ത്താനോ പാടില്ല. വ്യക്തിതാല്പര്യങ്ങൾ ഉണ്ടാവാം. എന്നാൽ ദൈവത്തിന്റെ അധികാരത്തിന്റെ മേൽ ഇരിക്കുമ്പോൾ പാലിക്കേണ്ട ഒരു മാനവികതയുണ്ട്. ആ മാനവികത എല്ലാവരെയും ഉൾക്കൊള്ളുന്നതാവണം. ആരെയും അകറ്റുന്നതോ അകൽച്ചക്ക് കാരണമാവുന്നതോ ആയ പ്രസ്താവനകൾ ഉപേക്ഷിക്കണം". അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങളുടെ ആവശ്യം സാധിച്ചു കൊടുക്കുന്ന സർക്കാരുകളെയാണ് ജനം പിന്തുണയ്ക്കുകയെന്നും മറ്റ് പാർട്ടികളിൽ പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ ജനങ്ങൾ പുതിയ പാർട്ടിയെ പിന്തുണയ്ക്കുന്നത് സ്വാഭാവികമാണെന്നും ജോർജ് ആലഞ്ചേരി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Similar Posts