Kerala
Fr. Telakad_bjp
Kerala

"ബിജെപി ആളുകളെ വിലക്കെടുക്കുന്നു, വിഷയം 300 രൂപയുടെ കച്ചവടമാക്കി"; വിമർശിച്ച് ഫാ.തേലക്കാട്

Web Desk
|
19 March 2023 12:03 PM GMT

കൈകാര്യം ചെയ്ത വിഷയം അല്പം കൂടി ഗൗരവത്തിൽ പാംപ്ലാനി കാണണമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

കണ്ണൂർ: തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന പക്വതയില്ലാത്തതെന്ന് ഫാദർ പോൾ തേലക്കാട്. ബിജെപി ആളുകളെ വിലക്കെടുക്കുന്നു, അതേരീതിയിലുള്ള പ്രസ്താവനയാണ് നടത്തിയതെന്നും ഫാ.തേലക്കാട് പറഞ്ഞു. കൈകാര്യം ചെയ്ത വിഷയം അല്പം കൂടി ഗൗരവത്തിൽ പാംപ്ലാനി കാണണമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയം മുന്നൂറു രൂപയുടെ കച്ചവടമുണ്ടാക്കിയതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ ഫാ.തേലക്കാട് രംഗത്തെത്തിയിരുന്നു. പാംപ്ലാനിയുടെ പ്രസ്താവനയെ കേരളത്തിലെ കത്തോലിക്കർ പിന്തുണക്കില്ലെന്ന് തേലക്കാട് ചൂണ്ടിക്കാട്ടി. പത്തുകാശിന് ആത്മാവിനെ വിൽക്കുന്നത് പോലുള്ള നടപടിയാണിത്. റബർവിലയെ അടിസ്ഥാനമാക്കി രാഷ്ട്രീയ തീരുമാനമെടുക്കുന്നത് ആത്മഹത്യാപരമാണെന്നും ഫാദർ പോൾ തേലക്കാട് മീഡിയവണിനോട് പറഞ്ഞു.

കേന്ദ്രസർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബി. ജെ.പിയെ സഹായിക്കുമെന്നാണ് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി നടത്തിയ പ്രസ്താവന. കേരളത്തിൽ ഒരു എം.പിപോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണം. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രതികരണം.

പ്രസംഗം രാഷ്ട്രീയ വിവാദമായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ആർച്ച് ബിഷപ്പ് മുൻ നിലപാട് ആവർത്തിച്ചു.മാത്രമല്ല,ബി ജെ പി അടക്കം കർഷക താത്പര്യം സംരക്ഷിക്കാൻ മുന്നോട്ട് വരുന്ന ആരോടും അയിത്തമില്ലന്നും ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു. പിന്നാലെ ആർച്ച് ബിഷപ്പിൻറെ നിലപാടിനെ പിന്തുണച്ച് കത്തോലിക്കാ കോൺഗ്രസും രംഗത്തെത്തിയതോടെ പുതിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കത്തോലിക്കാ സഭയിലെ പ്രമുഖനായ ആർച്ച് ബിഷപ്പ് ജോസഫ് പാപ്ലാനിയുടെ പ്രസ്താവന ഇരുമുന്നണികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്

Similar Posts