'ബിഷപ്പെന്ന അധികാരം ഉപയോഗിച്ച് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചു, ഇരയുടെ മൊഴിയിൽനിന്ന് തന്നെ കുറ്റം തെളിയിക്കാം'; ഹൈക്കോടതിയിലെ അപ്പീലിൽ കന്യാസ്ത്രി
|മാർച്ച് 30നാണ് പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാറും കന്യാസ്ത്രീയും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നത്
ബിഷപ്പെന്ന അധികാരം ഉപയോഗിച്ച് ഫ്രാങ്കോ മുളയ്ക്കൽ പീഡനത്തിന് ഇരയാക്കിയെന്നും ഇരയായ തന്റെ മൊഴിയിൽനിന്ന് തന്നെ കുറ്റം തെളിയിക്കാവുന്നതാണെന്നും കന്യാസ്ത്രി. ഹൈക്കോടതിയിൽ നൽകിയ അപ്പീലിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ജലന്ധർ രൂപതയുടെ കീഴിലുള്ള കോൺവെൻറിൽ വെച്ചാണ് 13 തവണ ബലാത്സംഗത്തിന് ഇരയാക്കിയതെന്നും ചെറുക്കാനുള്ള തന്റെ ശ്രമങ്ങളെല്ലാം ബിഷപ്പ് എന്ന അധികാരം ഉപയോഗിച്ച് അടിച്ചമർത്തിയെന്നും അവർ അപ്പീലിൽ ചൂണ്ടിക്കാട്ടി. മദർ സുപ്പീരിയർ എന്ന പദവിയിൽ നിന്ന് സാധാരണ കന്യാസ്ത്രിയാക്കി തരം താഴ്ത്തിയെന്നും ഇത്തരമൊരു നടപടി രൂപതയിൽ ആദ്യമായാണെന്നും അവർ പറഞ്ഞു. ഇതൊന്നും പരിഗണിക്കാതെയാണ് വിചാരണക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയതെന്നും ആദ്യമായിട്ടാണ് ഒരു കന്യാസ്ത്രി ബിഷപ്പിനെതിരെ ഒരു പീഡന പരാതി ഉന്നയിക്കുന്നതെന്നും അവർ ഹൈക്കോടതിയെ അറിയിച്ചു. തന്നെ പിന്തുണച്ച കന്യാസ്ത്രിമാർ പോലും സഭയിൽനിന്ന് പുറത്താക്കപ്പെടുന്ന സാഹചര്യമാണിപ്പോഴെന്നും പറഞ്ഞു. സഭാംഗം എന്ന നിലയിലാണ് താൻ ഈ പീഡനത്തിനെല്ലാം ഇരയായതെന്നും അതിനാൽ പുനരധിവസിപ്പിക്കുന്നതിൽ സഭയ്ക്കും ഉത്തവാദിത്വം ഉണ്ടെന്നും ഹരജിയിൽ പറഞ്ഞു.
മാർച്ച് 30നാണ് പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാറും കന്യാസ്ത്രീയും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നത്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അപ്പീൽ നൽകിയിരുന്നത്. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോയെ 2022 ജനുവരി 14 നാണ് കോടതി വെറുതെ വിട്ടത്. പ്രതി കുറ്റവിമുക്തൻ എന്ന ഒറ്റ വാക്കിലാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ജി. ഗോപകുമാർ വിധി പറഞ്ഞിരുന്നത്. ദൈവത്തിന് സ്തുതിയെന്നായിരുന്നു വിധിയോടുള്ള ഫ്രാങ്കോയുടെ പ്രതികരണം. നാലു വർഷത്തോളം നീണ്ട നിയമവ്യവഹാരങ്ങൾക്ക് ശേഷമായിരുന്നു വിധി പുറത്തുവന്നത്. വേണ്ടത്ര തെളിവുകളുടെ അഭാവത്തിലാണ് ബിഷപ്പിനെ വെറുതെ വിട്ടതെന്ന് പ്രതിഭാഗം അഭിഭാഷകർ അറിയിച്ചിരുന്നു.
105 ദിവസത്തെ വിചാരണയിൽ 39 സാക്ഷികളെ വിസ്തരിച്ചിരുന്നു. 83 സാക്ഷികൾ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രോസിക്യൂഷൻ പലരെയും വിസ്തരിച്ചിരുന്നില്ല. 122 പ്രമാണങ്ങൾ കോടതി പരിശോധിച്ചു. 2018 ജൂൺ 27നാണ് ബിഷപ്പിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2018 സെപ്തംബർ 21ന് നാടകീയമായ ചോദ്യം ചെയ്യലിനൊടുവിൽ ബിഷപ്പിന്റെ കയ്യിൽ വിലങ്ങുവീണു. കന്യാസ്ത്രീകളെ സ്വാധീനിക്കാനും അപായപ്പെടുത്താനുമടക്കം ഇതിനിടെ നീക്കങ്ങളുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനെതിരെയും ഭീഷണി വന്നു. എന്നാൽ ഇതെല്ലാം മറികടന്ന് 2019 ഏപ്രിൽ മാസത്തിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ കൂടാതെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം സുപ്രിം കോടതി വരെ തള്ളിയതോടെയാണ് വിചാരണ ആരംഭിച്ചിരുന്നത്.
'Franco tortured with the power of bishop, and the victim's statement can prove his guilt'; Nun on appeal in the High Court