ചുമത്തിയത് വ്യാജക്കേസ്, കോടതി വെറുതെ വിട്ടപ്പോൾ ലോകകപ്പ് ജയിച്ച സന്തോഷം: ഫ്രാങ്കോ മുളയ്ക്കൽ
|തെറ്റു ചെയ്യാത്തത് കൊണ്ട് താൻ ഭയപ്പെട്ടില്ലെന്നും ഫ്രാങ്കോ
തനിക്കെതിരെയുണ്ടായത് വ്യാജക്കേസാണെന്ന് ജലന്ധർ രൂപത മുൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. തെറ്റു ചെയ്യാത്തത് കൊണ്ട് താൻ ഭയപ്പെട്ടില്ലെന്നും കോടതി തന്നെ വെറുതെ വിട്ടപ്പോൾ ലോകകപ്പ് ജയിച്ച സന്തോഷമായിരുന്നുവെന്നും ഫ്രാങ്കോ പറഞ്ഞു. ജലന്ധറിൽ നടന്ന യാത്രയയപ്പ് പ്രസംഗത്തിലാണ് ഫ്രാങ്കോമുളക്കൽ ഇക്കാര്യം പറഞ്ഞത്.
"വ്യാജക്കേസ് ആണ് തനിക്കെതിരെ ചുമത്തിയത്. പക്ഷേ തെല്ലും ഭയപ്പെട്ടില്ല. കുറ്റം ചെയ്തില്ലെങ്കിൽ എന്തിന് ഭയക്കണം എന്നാണ് ചിന്തിച്ചത്. എന്തായാലും പ്രാർഥന ദൈവം കേട്ടു. കോടതി വെറുതേ വിട്ടപ്പോൾ ലോകകപ്പ് ജയിച്ച സന്തോഷമായിരുന്നു". ഫ്രാങ്കോ പറഞ്ഞു.
2018 സെപ്റ്റംബറിൽ ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് ബിഷപ്പിനെ രൂപതയുടെ ചുമതലകളിൽനിന്ന് ഫ്രാൻസിസ് മാർപ്പാപ്പ താൽക്കാലികമായി ഒഴിവാക്കിയിരുന്നു. കേസിൽ പിന്നീട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. കുറ്റവിമുക്തമായെങ്കിലും വിധിക്കെതിരായ അപ്പീൽ കോടതിയുടെ പരിഗണനയിലിരിക്കെ ഫ്രാങ്കോ രാജി വെച്ചു.
2018 സെപ്റ്റംബർ 21നാണ് കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജലന്ധർ രൂപതാ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലാകുന്നത്. വൈക്കം ഡി.വൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഏപ്രിൽ 9ന് കുറ്റപത്രം സമര്‍പ്പിച്ചു. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയത്.. ഇതിൽ 5 മുതൽ 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളുമുണ്ടായിരുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് പുറമേ 4 ബിഷപ്പുമാരും 11 പുരോഹിതരും 25 കന്യാസ്ത്രീകളും, രഹസ്യമൊഴി രേഖപ്പെടുത്തിയ 7 മജിസ്ട്രേട്ടുമാരും കേസിൽ പ്രധാന സാക്ഷികളാണ്.