ഫ്രറ്റേണിറ്റി പ്രവർത്തകനെ ആംബുലൻസിൽ കയറി മർദിച്ച് എസ്എഫ്ഐ
|പരിക്കേറ്റ മൂന്നാം വർഷ വിദ്യാർഥി ബിലാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
കൊച്ചി: മഹാരാജാസ് കോളേജിൽ ഫ്രറ്റേണിറ്റി പ്രവർത്തകന് എസ്.എഫ്.ഐ പ്രവർത്തകരുടെ ക്രൂര മർദനം. ആംബുലസിൽ കയറിയും ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയും മർദിച്ചു. പരിക്കേറ്റ മൂന്നാം വർഷ വിദ്യാർഥി ബിലാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജനറൽ ആശുപത്രിയുടെ ചില്ലുകളും എസ്.എഫ്.ഐ പ്രവർത്തകർ തകർത്തു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.
ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് ശേഷമായിരുന്നു സംഭവം. കോളേജ് പരിസരത്ത് വെച്ച് എസ്എഫ്ഐ പ്രവർത്തകർ ബിലാലിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ചികിത്സക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയ ബിലാലിനെ അവിടെ വെച്ചും എസ്എഫ്ഐ പ്രവർത്തകർ മർദിച്ചു. ഇരുപതോളം പ്രവർത്തകർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനുള്ളിൽ കയറി ക്രൂരമായി മർദിക്കുകയായിരുന്നു. ശേഷം ആംബുലൻസിനുള്ളിൽ വെച്ചും ബിലാലിന് മർദനമേറ്റു.
അത്യാഹിത വിഭാഗത്തിന്റെ പ്രധാന വാതിലിന്റെ ചില്ലുകളെല്ലാം ഇന്നലെ രാത്രി തന്നെ എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തിരുന്നു. അകത്തുകയറുന്നത് സുരക്ഷാ ജീവനക്കാർ തടഞ്ഞതോടെയാണ് വാതിൽ അടിച്ചുതകർത്തത്. അക്രമത്തെ തുടർന്ന് ബിലാലിനെ എറണാകുളത്തെ ഇന്ദിരാ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലൻസിൽ കയറ്റിയെങ്കിലും എസ്എഫ്ഐ പ്രവർത്തകർ ഇടിച്ചുകയറി മർദിക്കുകയായിരുന്നു.
കമ്പിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ചായിരുന്നു മർദനം. ബിലാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷത്തിൽ കെ.എസ്.യു പ്രവർത്തകനും എം.എ മലയാളം വിദ്യാര്‍ഥിയുമായ അമലിനൊപ്പം ബിലാലിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൽ റഹ്‌മാന് കുത്തേറ്റതിന് പിന്നിൽ ഫ്രറ്റേണിറ്റി, കെ.എസ്.യു പ്രവർത്തകരാണെന്നാണ് എസ്എഫ്ഐയുടെ ആരോപണം. നാസർ അബ്ദുൽ റഹ്മാന് കാലിലും കഴുത്തിലും കുത്തേറ്റിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെയുണ്ടായ സംഘർഷങ്ങളിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് ബിലാലിന് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമം.