മോദിയുടെ വംശീയ പ്രസ്താവന: ഭൂരിപക്ഷ ഏകീകരണവും ഇസ്‌ലാമോഫോബിയയും ലക്ഷ്യമാക്കി; ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
|''എസ്.സി-എസ്.ടി വിഭാഗങ്ങളെയടക്കം വ്യാജ സംരക്ഷണം അവകാശപ്പെട്ട് കൂടെ നിർത്താൻ ശ്രമിക്കുന്നത് അവർ വേറിട്ട സമുദായമാണെന്ന യാഥാർത്ഥ്യം മറച്ചുവെച്ച്, ഭൂരിപക്ഷ ഏകീകരണ അജണ്ടയുടെ ഭാഗമാക്കാനാണ്''
ആലുവ: ലോക്സഭ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്ന സന്ദർഭത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നെ മുസ്‌ലിം ജനവിഭാഗങ്ങൾക്ക് നേരെ വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നത് ഹിന്ദുത്വ വികാരം ഉണർത്തി ഭൂരിപക്ഷ വോട്ടുകൾ ഏകീകരിക്കാനും ഇസ്‌ലാമോഫോബിയ പടർത്താനുമുള്ള രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് കെ.എം ഷെഫ്റിൻ.
എസ്.സി-എസ്.ടി വിഭാഗങ്ങളെയടക്കം വ്യാജ സംരക്ഷണം അവകാശപ്പെട്ട് കൂടെ നിർത്താൻ ശ്രമിക്കുന്നത് അവർ വേറിട്ട സമുദായമാണെന്ന യാഥാർത്ഥ്യം മറച്ചുവെച്ച്, ഭൂരിപക്ഷ ഏകീകരണ അജണ്ടയുടെ ഭാഗമാക്കാനാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പ്രാദേശിക യൂണിറ്റ് ഭാരവാഹികളുടെ സംസ്ഥാന സംഗമം "പൊന്തി മുഴക്കം" ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് അധ്യക്ഷത വഹിച്ചു. സജീദ് ഖാലിദ്, ജ്യോതിവാസ് പറവൂർ, ഡോ. എ.കെ വാസു, ആദിൽ അബ്ദുറഹീം, കെ.പി തഷ്‌രീഫ്,അഡ്വ. കെ.എസ് നിസാർ, സനൽകുമാർ, പി.എച്ച് ലത്തീഫ്, ജസീം സുൽത്താൻ, ഗോപു തോന്നക്കൽ എന്നിവർ വിവധ സെഷനുകൾക്ക് നേതൃത്വം നൽകി. സംഗമം നാളെ സമാപിക്കും.