Kerala
Fraternity Movement, k Surendran,Mohamed Riyas,Fraternity Movement Movement filed a complaint against k Surendran to the DGP,latest malayalam news
Kerala

മന്ത്രി റിയാസിനെതിരായ വംശീയ അധിക്ഷേപം; കെ. സുരേന്ദ്രനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ഡി.ജി.പിക്ക് പരാതി നൽകി

Web Desk
|
12 April 2023 3:05 PM GMT

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയും മന്ത്രിയുമായിട്ടു പോലും മുസ്‌ലിമാണെന്ന ഒറ്റ കാരണത്താൽ തീവ്രവാദി എന്ന് വിളിക്കുന്നത് ഒരു സമുദായത്തിന് നേരെ വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു

കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നടത്തിയ വംശീയ അധിക്ഷേപത്തിനും മതസ്പർദ്ധ വളർത്തുന്ന മുസ്‌ലിം വിരുദ്ധ പരാമർശത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഡി.ജി.പിക്ക് പരാതി നൽകി.

കെ. സുരേന്ദ്രന്റെ വിഷലിപ്തമായ പ്രസ്താവന വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാറോ ഇടതു പക്ഷമോ മന്ത്രിക്കു വേണ്ടി നിയമ നടപടികൾ സ്വീകരിക്കാത്ത പശ്ചാത്തലത്തിൽ കൂടിയാണ് പരാതി നൽകിയതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുറഹീം പറഞ്ഞു.

മന്ത്രി പി.എ മുഹമ്മദ് റിയാസിന് പി.എഫ്.ഐ ഉള്‍പ്പെടെയുള്ള നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിനെ മന്ത്രിയാക്കിയത് മുസ്‌ലിം തീവ്രവാദികളുടെ വോട്ട് നേടാനുമാണെന്നുള്ള ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന തെരെഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയെ വംശീയമായി അധിക്ഷേപിക്കുന്നതും സമൂഹത്തിൽ മതസ്പർദ്ധ വളർത്താൻ ലക്ഷ്യമിട്ടുള്ളതുമാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയും മന്ത്രിയുമായിരുന്നിട്ട് പോലും മുസ്‌ലിമാണെന്ന ഒറ്റ കാരണത്താൽ തീവ്രവാദി എന്ന് വിളിക്കുന്നത് ഒരു സമുദായത്തിന് നേരെ വിദ്വേഷം പ്രചരിപ്പിക്കുന്നതും സമൂഹത്തിൽ വർ​ഗീയ വേർതിരിവ് സൃഷ്ടിക്കുന്നതുമാണ്.

2023 ഏപ്രിൽ 23 ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണുന്ന വേളയിലാണ് കെ സുരേന്ദ്രൻ നടത്തിയ പ്രസ്താവന കേരളത്തിലെ വ്യത്യസ്ത മതസമൂഹങ്ങൾക്കിടയിൽ ബോധപൂർവം സ്പർദ്ധയും ശത്രുതയും ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോട് കൂടിയുള്ളതും അത് വഴി കലാപമുണ്ടാക്കാനുമുള്ള ബോധപൂർവമായ ശ്രമവുമാണ്.

മതസ്പർദ്ധ വളർത്തുന്നതും ഒരു സമുദായത്തിന് നേരെ വിദ്വേഷം പ്രചരിപ്പിക്കുന്നതും വംശീയ അധിക്ഷേപം ഉൾക്കൊള്ളുന്നതുമായ വിദ്വേഷ പ്രസ്താവന നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസ് രേഖപ്പെടുത്തി ഉചിതമായി നിയമനടപടി സ്വീകരിക്കണന്നും ഫ്രറ്റേണിറ്റി മൂവ്മെന്റിന് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുറഹീം നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

Similar Posts