രാമക്ഷേത്ര ഉദ്ഘാടനം: മൗനം പാലിക്കുന്നത് പോലും ഇരട്ട അനീതിക്ക് ഒപ്പു ചാർത്തലാണ് - ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
|ബാബരി മസ്ജിദ് പൊളിച്ച ഹിന്ദുത്വ വാദികളെയും അതിന് ആഹ്വാനം ചെയ്ത സംഘ്പരിവാർ നേതാക്കളെയും നിയമപരമായി ശിക്ഷിക്കുക, അവരിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കി പൊളിച്ച പള്ളിയെ യഥാസ്ഥാനത്ത് പടുത്തുയർത്തുക എന്നത് മാത്രമാണ് ഈ വിഷയത്തിലെ മിനിമം നീതിയെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ പറഞ്ഞു.
തിരുവനന്തപുരം: ബാബരി മസ്ജിദ് നിലനിന്ന പ്രദേശത്ത് നിർമിച്ച വിവാദ ക്ഷേത്രത്തിന്റെ ഉദ്ഘാടന വിഷയത്തിൽ മൗനം പാലിക്കുന്നത് പോലും ഇരട്ട അനീതിക്ക് ഒപ്പു ചാർത്തലാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ. ബാബരി ഒരു അനീതിയാണ്. ആ അനീതിയുടെ നിയമ പരിഹാരം എന്നത് നീതി ലഭ്യമാക്കുക എന്നതാണ്. കോടതിയുടെ നിർദേശം നീതിയല്ല, കേസ് ഒത്തു തീർക്കാനുള്ള ഫോർമുല മാത്രമാണ്. അത് ആത്യന്തികമായി പള്ളി പൊളിച്ചവർക്കും അതിലൂടെ രാജ്യത്തുടനീളം കലാപം നടത്തിയവർക്കും ക്ലീൻ ഷീറ്റ് നൽകുകയാണ് ചെയ്യുന്നത്. ഫലത്തിൽ ബാബരി മസ്ജിദ് ധ്വംസനം ഇന്ത്യൻ മുസ്‌ലിംകൾ അനുഭവിച്ച ചരിത്രപരമായ അനീതിയായിരുന്നെങ്കിൽ ബാബരിയാനന്തര കോടതി വിധി ഇരട്ട അനീതിയാണ് സമ്മാനിച്ചത്. ആ ഇരട്ട അനീതിയുടെ സാക്ഷാത്കാരവും പൊതുജന സമ്മിതിയുമാണ് വിവിദമായ രാമക്ഷേത്ര നിർമാണത്തിലൂടെയും ഉദ്ഘാടനത്തിലൂടെയും സംഭവിക്കുന്നത്.
ബാബരി മസ്ജിദ് പൊളിച്ച ഹിന്ദുത്വ വാദികളെയും അതിന് ആഹ്വാനം ചെയ്ത സംഘ്പരിവാർ നേതാക്കളെയും നിയമപരമായി ശിക്ഷിക്കുക, അവരിൽ നിന്ന് തന്നെ നഷ്ട പരിഹാരം ഈടാക്കി പൊളിച്ച പള്ളിയെ യഥാസ്ഥാനത്ത് പടുത്തുയർത്തുക എന്നത് മാത്രമാണ് ഈ വിഷയത്തിലെ മിനിമം നീതി. അതിന് ഇന്ത്യയിലെ കോടതി വ്യവഹാരങ്ങളും ഭരണകൂടങ്ങളും തയ്യാറായില്ല എങ്കിൽ ഭരണഘടനാപരമായി അവരെ തിരുത്തുക എന്നതാണ് ജനാധിപത്യ സമൂഹത്തിന്റെ ബാധ്യത.
രാമജന്മഭൂമി മൂവ്‌മെന്റ് ആത്യന്തികമായി ആരംഭിച്ചത് ഇന്ത്യയുടെ ആഭ്യന്തരമായ ജാതി സംഘർഷങ്ങൾ പുറത്തു കൊണ്ടുവന്ന മണ്ഡൽ പ്രക്ഷോഭത്തിനെ അടിച്ചമർത്താനായിരുന്നു. രാജ്യത്ത് ജാതി സംഘർഷങ്ങളെ മറച്ചുവെച്ചുള്ള കാൽപനിക 'ഹിന്ദു ഐക്യം' സൃഷ്ടിക്കാൻ കഴിയുക മുസ്‌ലിം വിരുദ്ധ കലാപങ്ങളിലൂടെയായിരുന്നു എന്ന് അംബേദ്കർ നിരീക്ഷിക്കുന്നുണ്ട്. ഇതേ സ്ട്രാറ്റജി ഉപയോഗിച്ചാണ് ഇന്ത്യയിലെ ബഹുജനങ്ങൾ അണിനിരന്ന മണ്ഡൽ മൂവ്‌മെൻറിനെ മുസ്‌ലിം വിരുദ്ധ ഇന്ധനം നിറച്ച രാമജന്മഭൂമി മൂവ്‌മെന്റിലൂടെ ഹിന്ദുത്വ ശക്തികൾ വിഘടിപ്പിച്ചത്. അഥവാ ബാബരി മസ്ജിദ് ധ്വംസനം എന്നത് കേവലം പള്ളി പൊളിച്ച ഒരു സംഭവം മാത്രമല്ല, ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് രാഷ്ട്രീയ അടിത്തറ പാകിയ ഏട് കൂടിയാണ്. അതുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തെ എതിർക്കുക ബാബരിയുടെ രാഷ്ട്രീയത്തെ കൂടി ഏറ്റെടുത്ത് കൊണ്ടാണ്. മണ്ഡൽ മൂവ്‌മെൻറ് ആണ് രാമജന്മഭൂമി മൂവ്‌മെൻറ് തുടക്കം കുറിക്കാൻ കാരണമായതെങ്കിൽ അന്ന് തറയിട്ട ഹിന്ദുത്വ രാഷ്ട്രീയത്തിന് തടയിടാനും ഇതേ മണ്ഡൽ രാഷ്ട്രീയത്തെ കൂടുതൽ ബഹുജനാടിത്തറയോടെ രണ്ടാമതും പുനരുജ്ജീവിപ്പിക്കുകയാണ് വേണ്ടത്. ജാതി സെൻസസ് പോലും നടപ്പിലാക്കാൻ ഭരണകൂടം മടിക്കുന്നത് ഒന്നാം മണ്ഡലിന്റെ ഈ ഭൂതകാലം അവരെ നിരന്തരം അലട്ടുന്നത് കൊണ്ടാണെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അർച്ചന പ്രജിത്ത്, ആദിൽ അബ്ദുറഹീം, വൈസ് പ്രസിഡന്റുമാരായ നഈം ഗഫൂർ, ഷമീമ സക്കീർ സെക്രട്ടറിമാരായ ഡോ. സഫീർ എ.കെ, അൻവർ സലാഹുദ്ദീൻ, ലത്തീഫ് പി.എച്ച്, നൗഫ ഹാബി, സനൽകുമാർ എന്നിവർ സംസാരിച്ചു.