Kerala
ഇഫ്ളു സർവകലാശാല വിദ്യാർഥികൾക്കെതിരെ കള്ളക്കേസ് ചുമത്തിയ നടപടി അന്യായമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌
Kerala

ഇഫ്ളു സർവകലാശാല വിദ്യാർഥികൾക്കെതിരെ കള്ളക്കേസ് ചുമത്തിയ നടപടി അന്യായമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌

Web Desk
|
21 Oct 2023 1:59 PM GMT

വിദ്യാർഥികൾക്കെതിരെ ചുമത്തിയ കലാപ ശ്രമമുൾപ്പെടെയുള്ള കള്ളക്കേസ് റദ്ദാക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌

തിരുവനന്തപുരം: ഇഫ്‌ളു സർവകലാശാലയിൽ വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർഥികളെ കലാപശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത തെലങ്കാന പോലീസ് നടപടി പ്രതിഷേധാർഹമെണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ.

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഇഫ്‌ളു യൂണിറ്റ് പ്രസിഡൻ്റ് നൂറ മൈസൂൻ, ജോയിൻ്റ് സെക്രട്ടറി റിഷാൽ ഗഫൂർ എന്നിവരടക്കം 11 വിദ്യാർഥികൾക്കെതിരെയാണ് കലാപശ്രമമടക്കമുള്ള (153 എ) വകുപ്പുകൾ ചുമത്തി തെലങ്കാന പോലീസ് കേസെടുത്തത്. ഇഫ്ളു പ്രോക്ടർ സാംസണിൻ്റെ പരാതിയിലാണ് തെലങ്കാന പോലീസ് കേസെടുത്തത്.

''കാമ്പസിലെ വിഷയങ്ങളെ കുറിച്ച് പ്രോക്ടർ പോലീസിന് സമർപ്പിച്ച പരാതി പച്ചക്കള്ളങ്ങളും അർധസത്യങ്ങളും നിറഞ്ഞതാണ്. സംഭവസ്ഥലത്ത് ഇല്ലാതിരുന്നവർക്കെതിരെ അടക്കം കേസ് ചുമത്തിയതും സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരായ പ്രതികാര വേട്ടയുടെ ഭാഗമാണ്. സർവകലാശാല ലൈംഗികാതിക്രമ പരാതിയിൽ നടപടിയെടുക്കുന്നതിൽ യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച മറച്ചുവെക്കാൻ വിദ്യാർഥികൾക്കെതിരെ കലാപശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയും തലേ ദിവസം കാമ്പസിൽ നടക്കാനിരുന്ന ഫലസ്തീൻ വിഷയത്തിലെ സാഹിത്യ ചർച്ചയെ ഇതുമായി ബന്ധപ്പെടുത്തുകയും ചെയ്ത യൂണിവേഴ്സിറ്റിയുടെയും പോലീസിൻ്റെയും നീക്കങ്ങൾ തികഞ്ഞ അക്രമമാണ്.

ഇത് വിദ്യാർത്ഥി സമരത്തെ ഭിന്നിപ്പിക്കാനുള്ള യൂനിവേഴ്സിറ്റിയുടെ തന്ത്രമാണ്. സംഭവവുമായി ബന്ധപ്പെട്ട് യൂനിവേഴ്സിറ്റി പുറത്തിറക്കിയ വിശദീകരണം യുക്തിരഹിതവും ലൈംഗികാതിക്രമ പരാതിയെ കൃത്യമായി അഭിസംബോധന ചെയ്യാത്തതുമാണ്. ഇസ്ലാമോഫോബിയ പ്രചരിപ്പിച്ച് ലൈംഗികാതിക്രമ വിഷയത്തിൽ സമരം ചെയ്ത വിദ്യാർഥികളെ കുറ്റക്കാരാക്കി കൈകഴുകാനുള്ള യൂണിവേഴ്സിറ്റി അധികൃതരുടെ ശ്രമങ്ങൾ ചെറുത്ത് തോൽപിച്ചേ മതിയാവൂ. ലൈംഗികാതിക്രമ പരാതിയിൽ കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും വിദ്യാർഥികൾക്കെതിരെ ചുമത്തിയ കലാപ ശ്രമമുൾപ്പെടെയുള്ള കള്ളക്കേസ് റദ്ദാക്കണമെന്നും ഷെഫ്റിൻ ആവശ്യപ്പെട്ടു.

Similar Posts