Kerala
ആദിവാസി ഊരുകളിൽ കോവിഡ് വാക്സിൻ നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്
Kerala

ആദിവാസി ഊരുകളിൽ കോവിഡ് വാക്സിൻ നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ്

Web Desk
|
31 May 2021 4:22 AM GMT

കേരളത്തിലെ ഗോത്രവര്‍ഗങ്ങളുടെ ആരോഗ്യമേഖലയുടെ വികസനത്തിനും അവരുടെ ആരോഗ്യ സംരക്ഷണത്തിനുമായി യാതൊരു പദ്ധതിയും നടപ്പിലാക്കാന്‍ നാളിതുവരെയായി ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല

സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ കോവിഡ് വാക്സിൻ നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നു ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. കേരളത്തിലെ ആദിവാസികള്‍ക്കിടയില്‍ സാമൂഹിക അകലം പോലുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാനോ പാലിക്കപ്പെടാനോ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. അതിജീവനവും അടിസ്ഥാന സൗകര്യങ്ങളും വരെ വലിയ പ്രതിസന്ധിയായി നില്‍ക്കുന്ന ഇവര്‍ക്കിടയില്‍ പോഷകാഹാര കുറവുകളും പകര്‍ച്ചവ്യാധികളും സാധാരണമാണ്. കേരളത്തിലെ ഗോത്രവര്‍ഗങ്ങളുടെ ആരോഗ്യമേഖലയുടെ വികസനത്തിനും അവരുടെ ആരോഗ്യ സംരക്ഷണത്തിനുമായി യാതൊരു പദ്ധതിയും നടപ്പിലാക്കാന്‍ നാളിതുവരെയായി ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നത് കൂടി കണക്കിലെടുത്താല്‍ ആദിവാസി വിഭാഗങ്ങളുടെ വംശപരമ്പരകളെ ഈ മഹാമാരിയില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തുന്നതില്‍ ഭരണകൂടങ്ങള്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ വേണ്ടവിധം സാങ്കേതിക വിദ്യ ലഭ്യമല്ലാത്തതും സാങ്കേതിക വിജ്ഞാനത്തിന്റെ കുറവും മൂലം ഇത്തരം ആദിവാസി ആവാസ കേന്ദ്രങ്ങളില്‍ വാക്‌സിനുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഇവര്‍ക്ക് സ്വയം നിര്‍വഹിക്കാന്‍ കഴിയാതെ പോകുന്നുണ്ട്. ലോക്ഡൗണ്‍ സമയത്ത് വാഹനങ്ങള്‍ ഇല്ലാത്തത് മൂലം അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വരെ ബുദ്ധിമുട്ടുന്ന ആദിവാസികളെ പ്രത്യേകമായി പരിഗണിച്ച് എല്ലാ ഊര് കേന്ദ്രങ്ങളിലും രജിസ്‌ട്രേഷന്റെ സാങ്കേതികത്വങ്ങള്‍ ഒഴിവാക്കി ഉടനടി വാക്‌സിനുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് അവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നക്കൽ , മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, പട്ടിക ജാതി-പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി, പട്ടിക വകുപ്പ് വികസന ഡയറക്ടർ എന്നിവർക്ക് കത്തയക്കുകയും ചെയ്തു.

Similar Posts