തഹ് ലിയക്കെതിരായ നടപടി - വിയോജിപ്പുകളെ ഉൾക്കൊള്ളാനുള്ള ലീഗിന്റെ കഴിവില്ലായ്മയുടെ ഉദാഹരണമെന്ന് ഫ്രട്ടേണിറ്റി
|ഒരു സമുദായം എന്ന നിലക്ക് മുസ്ലിങ്ങൾ വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ആത്മാഭിമാനമുള്ള പെൺ നേതൃത്വങ്ങളെ പുറത്താക്കിക്കൊണ്ട് വിധേയരായ നേതൃത്വത്തെ സൃഷിടിക്കുന്നത് ആരുടെ താല്പര്യങ്ങളെയാണ് സംരക്ഷിക്കുക എന്നു കൂടി ഈ അവസരത്തിൽ ലീഗ് നേതൃത്വം ചിന്തിക്കുന്നത് നന്നാവും.
ഹരിത സംസ്ഥാനകമ്മിറ്റി പിരിച്ചുവിട്ടതിനു പിന്നാലെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി ഫാത്തിമ തഹ് ലിയയെ പുറത്താക്കിയ നടപടിയിലൂടെ വിയോജിപ്പുകളെയും ഉൾക്കൊള്ളാനുള്ള മുസ് ലിം ലീഗിന്റെ കഴിവില്ലായ്മ അനാവരണം ചെയ്യപ്പെട്ടെന്ന് ഫ്രട്ടേണിറ്റി സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാന്‍. മുസ്ലിങ്ങൾ വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ആത്മാഭിമാനമുള്ള പെൺ നേതൃത്വങ്ങളെ പുറത്താക്കിക്കൊണ്ട് വിധേയരായ നേതൃത്വത്തെ സൃഷിടിക്കുന്നത് ആരുടെ താല്പര്യങ്ങളെയാണ് സംരക്ഷിക്കുകയെന്ന് ലീഗ് ഓർമിക്കണം. വിദ്യാർത്ഥിനികൾ ഒരു വിഷയം ഉന്നയിക്കുമ്പോൾ അതിനെ കേവലം കുട്ടിക്കളിയായി മനസ്സിലാക്കിയും അതിൽ തീരുമാനങ്ങൾ പാർട്ടി കോടതികളിൽ വല്യേട്ടൻ മനോഭാവത്തിൽ അടിച്ചേൽപ്പിക്കുന്ന കാലം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയെന്ന ലീഗ് തിരിച്ചറിയണമെന്നം നജ്ദ ചൂണ്ടി്കാട്ടി.
നജ്ദയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
ഹരിത സംസ്ഥാനകമ്മിറ്റി പിരിച്ചുവിട്ടതിനു പിന്നാലെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി മുസ്‍ലിം ലീഗ് ദേശീയ കമ്മിറ്റി എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയയെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്തിരിക്കുന്നു. നീതിക്ക് വേണ്ടി ശബ്ദിച്ചവരെ വേട്ടയാടുകയും കുറ്റാരോപിതർക്ക് സംരക്ഷണം തീർക്കുകയും ചെയ്യുന്ന മുസ്ലീം ലീഗിന്റെ നിലപാട് അപഹാസ്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഹരിതയുടെ പ്രവർത്തകർ അനുഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാനസിക സമ്മർദ്ദങ്ങളെ ഒരു നേതാവ് എന്ന നിലക്ക് അഭിമുഖീകരിക്കുകയും ആശ്വസിപ്പിക്കുകയും ആത്മവീര്യം പകർന്ന് നൽകുകയും ചെയ്ത ഉത്തരവാദിത്ത ബോധവും നീതി ബോധവും കാണിച്ച നേതാവുകൂടിയാണ് ഫാത്തിമ തഹ്‌ലിയ. അവരെ പുറത്താക്കുക വഴി ജനാധിപത്യത്തിൻ്റെ സ്വാഭാവിക സവിശേഷതകളായ വിസമ്മതങ്ങളെയും വിയോജിപ്പുകളെയുംഉൾക്കൊള്ളാനുള്ള പാർട്ടിയുടെ കഴിവില്ലായ്മ പൊതു സമൂഹത്തിൽ അനാവരണം ചെയ്യപ്പെടുകയാണുണ്ടായത്.
ഒരു സമുദായം എന്ന നിലക്ക് മുസ്ലിങ്ങൾ വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ആത്മാഭിമാനമുള്ള പെൺ നേതൃത്വങ്ങളെ പുറത്താക്കിക്കൊണ്ട് വിധേയരായ നേതൃത്വത്തെ സൃഷിടിക്കുന്നത് ആരുടെ താല്പര്യങ്ങളെയാണ് സംരക്ഷിക്കുക എന്നു കൂടി ഈ അവസരത്തിൽ ലീഗ് നേതൃത്വം ചിന്തിക്കുന്നത് നന്നാവും. തങ്ങളുടെ വൈജ്ഞാനിക, സംഘടനാ അനുഭവങ്ങളിൽ നിന്നും വിദ്യാർത്ഥിനികൾ (കേവല വിദ്യാർത്ഥിനികൾ എന്നതിനപ്പുറം ലീഗിൻ്റെ മുഖമായിത്തന്നെ ഇക്കാലത്ത് പൊതുസമൂഹത്തിൽ അടയാളപ്പെടുത്തപ്പെട്ട നേതാക്കൾ) ഒരു വിഷയം ഉന്നയിക്കുമ്പോൾ അതിനെ കേവലം കുട്ടിക്കളിയായി മനസ്സിലാക്കിയും അതിൽ തീരുമാനങ്ങൾ പാർട്ടി കോടതികളിൽ വല്യേട്ടൻ മനോഭാവത്തിൽ അടിച്ചേൽപ്പിക്കുന്ന കാലം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി എന്ന രംഗ ബോധം പരമ്പരാഗത രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഇനിയും ഉണ്ടായിട്ടില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഹരിത വിഷയം. പുറത്താക്കപ്പെട്ട ഫാത്തിമ തഹ്‌ലിയക്ക് വലിയ ഉത്തരവാദിത്തങ്ങളാണ് വന്നു ചേർന്നിരിക്കുന്നത്. കരുത്തോടെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു. സാഹോദര്യ രാഷ്ട്രീയത്തിന്റെ ഐക്യദാർഢ്യം അറിയിക്കുന്നു. ലിബറൽ യുക്തികൾക്കപ്പുറത്ത് തൻ്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് രാഷ്ട്രീയ കൃത്യതയുള്ള നേതാവ് എന്ന നിലക്കുള്ള തീരുമാനം എടുക്കാൻ അഡ്വ.ഫാത്തിമ തഹ് ലിയ എന്ന വിദ്യാർത്ഥി രാഷ്ട്രീയ നേതാവിന് കഴിയും എന്നു തന്നെ പ്രതീക്ഷിക്കുന്നു.