Kerala
പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; മുൻ സൈനികൻ പിടിയിൽ
Kerala

പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; മുൻ സൈനികൻ പിടിയിൽ

Web Desk
|
18 May 2022 2:03 AM GMT

പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്താണ് ദീപക് തട്ടിപ്പ് നടത്തിയിരുന്നത്

കൊല്ലം: പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ മുന്‍ സൈനികൻ പിടിയിൽ. അടൂർ മൂന്നാളം ചരുവിളവീട്ടില്‍ ദീപക് പി ചന്ദാണ് പത്തനാപുരം പൊലീസിന്‍റെ പിടിയിലായത്. പട്ടാഴി ചെളിക്കുഴി സ്വദേശി പ്രവീണിന്‍റെ പക്കല്‍ നിന്ന് നാല് ലക്ഷം രൂപ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫാണെന്ന് സ്വയം പരിചയപ്പെടുത്തി പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് ദീപക് തട്ടിപ്പ് നടത്തിയിരുന്നത്. കേരളത്തിന് അകത്തും പുറത്തുമായി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് വിവരം.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തൃപ്പൂണിത്തുറയിൽ നിന്നാണ് ദീപക് പിടിയിലായത്. ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ രണ്ട് വര്‍ഷം മുമ്പ് അവിടെ നിന്നും ഒളിച്ചോടുകയായിരുന്നു. ഇതിന് ശേഷമാണ് തട്ടിപ്പ് നടത്തിയത്.

ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന ചുവന്ന ബോര്‍ഡ് സ്ഥാപിച്ച കാറും ഇയാള്‍ തട്ടിപ്പിനുപയോഗിച്ചിരുന്നു. വയനാട്ടില്‍ റിട്ടേഡ് ഡി.എഫ്.ഒയുടെ പക്കല്‍ നിന്നും പണം വാങ്ങിയതായാണ് വിവരം. ഇയാള്‍ പിടിയിലായ വിവരം പുറത്ത് വരുന്നതോടെ കൂടുതല്‍ പരാതിക്കാര്‍ രംഗത്തെത്താനും സാധ്യതയുണ്ട്.

Related Tags :
Similar Posts