ഡി.ജി.പിയുടെ പേരിൽ തട്ടിപ്പ്; നൈജീരിയൻ സംഘം കസ്റ്റഡിയിൽ
|ഡൽഹിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്
ഡി.ജി.പിയുടെ പേരിൽ തട്ടിപ്പ് നടത്തിയ നൈജീരിയൻ സംഘം കസ്റ്റഡിയിൽ.ഡൽഹിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഡി.ജി.പിയുടെ പേരിൽ കൊല്ലം സ്വദേശിനിയിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റുണ്ടായത്.
ഓൺലൈൻ ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിച്ചാണ് അധ്യാപികയിൽനിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തത്. നികുതിയടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ വ്യാജ വാട്സ്ആപ്പിൽനിന്ന് അധ്യാപികക്ക് സന്ദേശം വന്നിരുന്നു.ടാക്‌സ് അടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും താൻ ഡൽഹിയിലാണെന്നും ഡി.ജി.പിയുടെ ഫോട്ടോ വച്ച സന്ദേശം ലഭിച്ചു. തുടർന്ന് പൊലീസ് ആസ്ഥാനത്ത് വിളിച്ചപ്പോൾ ഡി.ജി.പി ഡൽഹിയിലാണെന്ന മറുപടി ലഭിച്ചതോടെ വിശ്വസിച്ച് പണം നൽകി. അസാം സ്വദേശിയുടെ പേരിലുള്ള ഫോൺ നമ്പരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നാണ് ഹൈ ടെക് സെല്ലിന്റെ
പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണം ഡൽഹിയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
തട്ടിപ്പിന് ഉപയോഗിച്ച ഫോണിന്റെ ഐ.എം.ഇ നമ്പർ, ഐ.പി അഡ്രസ് തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം വ്യാപിപ്പിക്കും. പൊലീസുദ്യോഗസ്ഥരുടെ പേരിൽ വാട്സ് ആപ്പ്, ഫേസ്ബുക്ക് അക്കൗണ്ടുണ്ടുകളാക്കി നേരത്തെയും പണം തട്ടിയിട്ടുണ്ട്. സൈബർ തട്ടിപ്പിൽ ജാഗ്രത വേണമെന്ന് പൊലീസ് നിരന്തരം സന്ദേശം നൽകുമ്പോഴാണ് പൊലീസ് മേധാവിയുടെ പേരിൽത്തന്നെ തട്ടിപ്പ് നടന്നത്.
പ്രതികൾ വാട്സ്ആപ് സന്ദേശമയച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഡൽഹിയിലുണ്ടെന്ന സൂചന ലഭിച്ചത്. മൊബൈൽ ടവർ, കോൾ രജിസ്റ്റർ എന്നിവയെ പിന്തുടർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സൈബർ പൊലീസ് ഡിവൈ.എസ്.പി ശ്യാംലാലിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നത്.