Kerala
Fraud of 4.5 crore rupees by promising foreign job
Kerala

വിദേശജോലി വാഗ്ദാനം ചെയ്ത് നാലര കോടി രൂപയുടെ തട്ടിപ്പ്; യുവാവ് പിടിയിൽ

Web Desk
|
20 Jun 2024 5:20 AM GMT

കൊളംബസ് എന്ന സ്ഥാപനത്തിൻ്റെ മറവിലായിരുന്നു തട്ടിപ്പ്

ഇടുക്കി: വിദേശജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി നാലര കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ. ഇടുക്കി വണ്ണപ്പുറം സ്വദേശി ജോബി ജോസ് ആണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. 2023ൽ കൊളംബസ് എന്ന പേരിൽ തൊടുപുഴയിൽ തുടങ്ങിയ സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്.

യു.കെ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇരുന്നൂറോളം പേരിൽ നിന്നായി മൂന്ന് ലക്ഷം രൂപ മുതൽ പന്ത്രണ്ട് ലക്ഷം രൂപ വരെ ജോബി കൈക്കലാക്കി.

തൃശൂർ, എറണാകുളം, പാലക്കാട്, കോട്ടയം ജില്ലകളിൽ നിന്നായി 36 പരാതികളാണ് പൊലീസിന് ലഭിച്ചത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി പതിമൂന്ന് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൊടുപുഴയിൽ മാത്രം നാല് കേസുകളുമുണ്ട്. ഈ മാസം മാർച്ചിൽ രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ ജാമ്യം എടുത്ത ശേഷം ഒളിവിൽ പോയ പ്രതിയെ ഉത്തർപ്രദേശ് നേപ്പാൾ ബോർഡറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

തൊടുപുഴ എസ്.ഐ.ഹരീഷിനായിരുന്നു അന്വേഷണചുമതല. എസ്.ഐ നജീബ്, എ.എസ്.ഐ.വിജയാനന്ദ്, സി.പി.ഒ നൗഷാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ‌

Related Tags :
Similar Posts