വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി; കണ്ണടച്ച് പൊലീസ്
|കൊട്ടാരക്കര റൂറൽ എസ്.പിയ്ക്കടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ദമ്പതികൾ പണം തട്ടിയതായി പരാതി. കൊല്ലം ചടയമംഗലം സ്വദേശികളായ ദമ്പതികളാണ് പതിനഞ്ചോളം പേരിൽ നിന്നും വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയത്. കൊട്ടാരക്കര റൂറൽ എസ്.പിയ്ക്കടക്കം പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
ചടയമംഗലം സ്വദേശി നിസാമും ഭാര്യ സജ്നയും ചേർന്ന് ലക്ഷങ്ങൾ തട്ടിയതായാണ് പരാതി. ദുബായ് എയർപോർട്ടിൽ വിവിധ തസ്തികകളിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഓരോരുത്തരിൽ നിന്നും 32000 രൂപ മുതൽ 82,000 രൂപ വരെയാണ് തട്ടിച്ചത്. പാസ്പോർട്ട് കൈവശപ്പെടുത്തിയ ശേഷം സജ്നയുടെ അക്കൗണ്ടിലേക്ക് പണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.
ആളുകളിൽ നിന്നും വാങ്ങിയ തുക തൃശൂർ സ്വദേശിയായ ഹരികൃഷ്ണൻ എന്നയാൾക്ക് നൽകിയെന്നാണ് നിസാം പറഞ്ഞത്. എന്നാൽ ഇങ്ങനെ ഒരാളെക്കുറിച്ച് ആർക്കും യാതൊരു വിവരവുമില്ല. പരാതി വ്യാപകമായതോടെ ചിലർക്കുമാത്രം പണം തിരികെ നൽകി നിസാമും ഭാര്യയും തടിയൂരാൻ ശ്രമിച്ചു. നിയമനടപടികളുമായി മുന്നോട്ടു പോകുന്നവർക്ക് പണം തിരിച്ച്നൽകില്ലെന്ന ഭീഷണിയും ഉയർത്തി. ഇതോടെ പലരും പരാതിയുമായി മുന്നോട്ടു പോകാതെയായി. ഗത്യന്തരമില്ലാതെ വന്നതോടെയാണ് ചിലർ പരാതിയുമായി വീണ്ടും രംഗത്തെത്തിയത്.